കാട്ടാക്കട: ശ്രീകോവിലിൽ നിന്നും സ്വർണ താലിയും സ്വർണ പൊട്ടുകളും കവർച്ച ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം സിസിടിവി കാമറ കേന്ദ്രീകരിച്ച്. പ്രതി ഉടൻ പിടിയിലാകുമെന്ന് മലയിൻകീഴ് പോലീസ്.
കുഴിമാം ശ്രീ ആദിപരാശക്തി ക്ഷേത്രത്തിലെ ശ്രീകോവിലിൽ ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. പരോളിൽ ഇറങ്ങിയ ചിലരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇവർ ക്ഷേത്ര മോഷണത്തിൽ വിരുതരാണ്.
ഇന്നലെ പുലർച്ചെ ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് ദേവിയ്ക്ക് ചാർത്തിയിരുന്ന രണ്ടു പവനോളം തൂക്കമുള്ള സ്വർണ താലിയും ഭക്തർ നേർച്ച നൽകിയ കാൽ പവനിലധികം വരുന്ന 25 സ്വർണ പൊട്ടുകളും, പ്രധാന കാണിക്കയിൽ നിന്നും മൂവായിരത്തിൽ അധികം രൂപയും കള്ളൻ കൊണ്ടു പോയി.
കാണിക്ക കുടം ക്ഷേത്ര പരിസരത്തു ചെടിക്കു മുകളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നവരാത്രി പൂജയോട് അനുബന്ധിച്ചു ഭക്തർ പൂജക്കായി സമർപ്പിച്ചിരുന്ന വാഹനങ്ങളുടെ താക്കോലുകളും ഇവിടെ ദക്ഷിണയായി ഉണ്ടായിരുന്ന നാണയങ്ങളും നോട്ടുകളും കള്ളൻ കൊണ്ടുപോയിട്ടുണ്ട്.
തിടപ്പളിയും ഓഫീസ് മുറിയും തുറന്നു സാധനങ്ങൾ വാരി വലിച്ചിട്ടിരുന്നു.മുൻവശത്തെ ഗേറ്റിനു ഉയരം കുറവായതിനാൽ ഇതുവഴിയാകാം കള്ളൻ ഉള്ളിൽ കടന്നത് എന്നാണ് പ്രാഥമിക നിഗമനം.