ആലപ്പുഴ: പാലാരിവട്ടം അപകടത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഹൈക്കോടതി പരാമർശത്തിനെതിരെ മന്ത്രി ജി. സുധാരൻ. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. പൊതുവിൽ പരാമർശം നടത്തരുതെന്നും കുറ്റം ചെയ്യുന്നവർക്കെതിരെ തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊച്ചിയിലെ കുഴിയടയ്ക്കാൻ മാത്രം ഏഴു കോടി രൂപയാണ് കൊടുത്തത്. ഒക്ടോബറിൽ പണം കൈമാറിയതാണ്. ഇതിനനുസരിച്ച് പ്രവർത്തനം നടത്തേണ്ടത് ഉദ്യോഗസ്ഥരല്ലെ. കുഴിയടയ്ക്കുകയും സൂചനാ ബോർഡുകൾ വയ്ക്കുകയും ചെയ്യേണ്ടെ.
കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ. ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്നം. മൂക്കത്ത് വിരൽവച്ചിട്ട് കാര്യമില്ല. കുഴി അടയ്ക്കാനുളള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെയാണ് തിരിയേണ്ടത്. അല്ലാതെ പൊതുവെ പറയരുത്. ആരിലും വിശ്വാസം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി. സുധാകരൻ പറഞ്ഞു.
വ്യാഴാഴ്ച എറണാകുളം പാലാരിവട്ടത്തു റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞു യദുലാൽ (23) മരിച്ച സംഭവത്തെത്തുടർന്നു റോഡിന്റെ ശോച്യാവസ്ഥയു മായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. “നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുള്ള ഉത്തരവ് കൃത്യമായി പാലിച്ചിരുന്നെങ്കിൽ യുവാവിന്റെ മരണം ഉണ്ടാകുമായിരുന്നില്ല.
എന്റെ മക്കളെക്കാൾ ചെറിയ പ്രായത്തിലുള്ളയാളാണു മരിച്ചത്. നമ്മൾ തോറ്റുപോയി. നാണിച്ചു തല താഴ്ത്തുന്നു. ഇതാണു സ്ഥിതിയെങ്കിൽ ഉത്തരവുകൾ നൽകിയിട്ടെന്തു കാര്യം? ആശങ്കപ്പെട്ടിട്ടെന്തു കാര്യം?”- ജസ്റ്റീസ് ദേവൻ രാമ ചന്ദ്രൻ വാക്കാൽ പറഞ്ഞു.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജി 11 വർഷമായി നിലവിലുണ്ടെന്നും പല ജഡ്ജിമാരും ഇതു പരിഗണിച്ചിരുന്നെന്നും പറഞ്ഞ ജഡ്ജി ഈ കോടതി ഹർജി പരിഗണിച്ചു തീർപ്പാക്കുമെന്നും പറഞ്ഞു.