തൃശൂർ: തിരക്കേറിയ ജംഗ്ഷനിലെ കുരുക്കഴിക്കാൻ എത്തുന്ന പോലീസ് റോഡിലെ കുഴികളടച്ച് മാതൃകയായി. അശ്വനി ജംഗ്ഷനിൽ രൂപപ്പെട്ട കുഴികൾ അടയ്ക്കുവാൻ നിരവധി തവണ പരാതി നൽകിയിട്ടും ഭരണാധികാരികൾ പാലിക്കാത്തതിനെ തുടർന്ന് അവസാനം ട്രാഫിക്ക് പോലീസ് തന്നെ കുഴിയടച്ചു.
കോവിലകത്തപാടം റോഡിലെ കുഴികൾ മൂലം അപകടങ്ങൾ പതിവായതിനെ തുടർന്നാണ് കുഴികൾ അടയ്ക്കുവാൻ പോലീസ് തന്നെ രംഗത്ത് എത്തിയത്. ദിവസങ്ങൾക്ക് മുന്പ് ഇവിടെ കുഴിയിൽ വീണ ലോറിയിൽ നിന്നും ആസിഡ് ഒഴുകിയത് പരിഭ്രാന്ത്രി പരത്തിയിരുന്നു.
അന്ന് ആസിഡ് വീണ സ്ഥലത്ത് മണൽ വിരിച്ച് പ്രശനം പരിഹരിച്ചുവെങ്കിലും മഴ പെയതുപ്പോൾ മണ്ണ് ഒലിച്ച് പോയി കുഴി വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. വളരെ തിരക്ക് പിടിച്ച ഈ ഭാഗത്ത് വാഹനങ്ങൾ പെട്ടെന്ന് നിർത്തുന്പോൾ അപകടങ്ങൾ പതിവാണ്.
അധികൃതരുടെ ശ്രദ്ധയിൽ പോലീസും നാട്ടുക്കാരും നിരവധി തവണ ഇക്കാര്യം അറിയിച്ചുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടാവാത്തതിനെ തുടർന്ന് പോലീസുകാർ തന്നെ ജിപ്പിൽ കല്ലും ,മണ്ണും കയറ്റി കൊണ്ട് വന്ന് കുഴി മൂടിയത്.