കുഴൽപണം എന്ന വാക്ക് കേട്ടുകേട്ടു മനസിൽ പതിഞ്ഞുപോയതാണ്. അതിനാൽ, ഹവാല ഇടപാട് എന്നു കേൾക്കുന്പോൾ കള്ളപ്പണം കടത്തുന്ന ഇടപാടാണെന്ന തോന്നലാണ് ആദ്യം വരുന്നത്.
എന്നാൽ, പണം മാത്രമല്ല സ്വർണവും ഹവാലക്കാരുടെ ഇഷ്ട വിഭവമാണ്. കർശന പരിശോധനയും തെരച്ചിലുമൊക്കെ നടക്കുന്നതിനിടയിലും കൂളായി സ്വർണം കടത്തുന്ന സംഘങ്ങൾ നിരവധി. ഇതെല്ലാം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നുവെന്നത് ഇതിന്റെ ആവശ്യകത എത്രത്തോളമെന്നു മനസിലാക്കാം.
നികുതി വെട്ടിപ്പ് തന്നെയാണ് സ്വർണക്കടത്തും ലക്ഷ്യമിടുന്നത്. തിരിച്ചറിയല്‍ രേഖകളോ മറ്റോ നല്‍കേണ്ട എന്നതും ഇടപാടിനെ പ്രിയപ്പെട്ടതാക്കുന്നു.
അറയിലെ കടത്ത്!
പ്രത്യേകം അറകള്‍ നിര്‍മിച്ച വാഹനങ്ങളിലാണ് കള്ളക്കടത്ത് കൂടുതലും. സ്വര്‍ണത്തിനു വിലകൂടിയതോടെ പണത്തിനു പുറമേ അയല്‍ സംസ്ഥാനങ്ങളില്‍നിന്നു നികുതിവെട്ടിച്ചു സ്വര്‍ണവും ഇത്തരം വാഹനങ്ങളില്‍ വന്‍ തോതില്‍ കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്.
ഫോര്‍ രജിസ്ട്രേഷന് എന്നെഴുതിയ ആഡംബര വാഹനങ്ങളിലും അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ എത്തിക്കുന്ന ചരക്ക് വാഹനങ്ങളിലും രഹസ്യ അറകളിലൊളിപ്പിച്ചാണ് പണവും സ്വര്‍ണവും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക.
പല കോടികൾ
ഇങ്ങനെ തയാറാക്കുന്ന വാഹനങ്ങളിൽ കുറഞ്ഞത് ഒരു കോടി രൂപയുടെ കടത്തു നടത്തുന്നതായാണ് വിവരം. വന്‍ തുകകള്‍ കടത്തുന്നവര് പണം ഒരുമിച്ച് അയയ്ക്കില്ല.
പത്തു കോടി രൂപ കേരളത്തിലെത്തിക്കണമെങ്കില്‍ ഒന്നോ രണ്ടോ കോടികള്‍ വീതം പല വാഹനങ്ങളിലാക്കിയാണ് കടത്തുക.
പിടിക്കപ്പെട്ടാലും ഇത്രയധികം പണം ഒരുമിച്ചു നഷ്ടമാകാതിരിക്കാനുള്ള മുൻ കരുതലാണ് ഇതിനു പിന്നില്‍. കേരളത്തിലെത്തിച്ച ശേഷം ആവശ്യക്കാര്‍ക്കു ബൈക്കുകളിലും മറ്റും പണം എത്തിച്ചുനല്‍കും.
കുഴലിൽ മാന്തുന്നവർ!
കടുവയെ പിടിക്കുന്ന കിടുവ എന്നു പറയാറുണ്ട്. ഇതിനു സമാനമാണ് ഹവാല ഇടപാടുകാരുടെ പണം തട്ടിയെടുക്കാൻ തയാറെടുത്തു നിൽക്കുന്ന ക്രിമിനൽ സംഘങ്ങൾ.
സംസ്ഥാനത്തു പലയിടങ്ങളിലും ഇത്തരം സംഘങ്ങള്‍ സജീവമാണ്. കണക്കില്ലാത്ത പണം ആയതിനാൽ പണം നഷ്ടമായവർ മിക്കപ്പോഴും പരാതിയുമായി പോകില്ല എന്നതാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾക്കു വളമാകുന്നത്.
ഭീഷണിപ്പെടുത്തൽ മുതൽ തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും വരെ നടത്തിയിട്ടാണ് കടത്തുന്ന പണം ഇത്തരം സംഘങ്ങൾ കൈക്കലാക്കുന്നത്.
ഇത്തരം ആക്രമണങ്ങൾ നടത്തുന്ന ആറംഗ സംഘം 2019 മേയില്‍ കോഴിക്കോട് വടകരയില്‍ പോലീസ് പിടിയിലായിരുന്നു.
ഹവാല പണമിടപാടുകാരെ പിന്തുടര്ന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് അന്നു വലയിലായത്. പല ഒാപ്പറേഷനുകളിലൂടെ കോടികളാണ് ഇവര്‍ തട്ടിയെടുത്തത്.
ധര്‍മടം സ്വദേശികളായ സജീവന്, ഷിജിന്, പാലയാട് സ്വദേശികളായ ലനീഷ്, സജിത്ത്, ചക്കരക്കല്ലിലെ അശ്വന്ത്, വില്യാപ്പള്ളി സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്.
സംഘത്തിനു കുഴല്പ്പണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതു റഷീദായിരുന്നു. ഹവാല നെറ്റ്വർക്കിൽനിന്നു തന്നെയാണ് പണം കടത്തിന്റെ വിവരങ്ങൾ ക്രിമിനൽസംഘങ്ങൾക്കു ചോർന്നുകിട്ടുന്നത്.
(തുടരും).