ഒട്ടാവ: കാനഡയിലെ സാസ്കാചുവാൻ പ്രവിശ്യയിൽ മുന്‍പ് ബോർഡിംഗ് സ്കൂൾ നിലനിന്നിരുന്നിടത്ത് 751 കുഴിമാടങ്ങൾ കണ്ടെത്തി.
കവേസ്യൂസ് ഇന്‍ഡ്യൻ ആദിവാസി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ആഴ്ചകൾക്കു മുന്‍പ് ബ്രിട്ടീഷ് കൊളംബിയയിൽ ബോർഡിംഗ് സ്കൂൾ നിലനിന്നിരുന്നിടത്ത് 251 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
തെക്കുകിഴക്കൻ സാസ്കാചുവാനിൽ ദ മെറിവെൽ ഇൻഡ്യൻ റെസിഡെൻഷ്യൽ സ്കൂൾ നിലനിന്നിരുന്നിടത്താണ് പുതിയതായി കുഴിമാടങ്ങൾ കണ്ടെത്തിയത്.
ഇൻഡ്യൻ അദിവാസി കുട്ടികൾക്കായി 19, 20 നൂറ്റാണ്ടുകളിൽ നടത്തിയിരുന്ന 130 സ്കൂളുകളിലൊന്നാണിത്.
1863നും 1998നും ഇടയ്ക്ക് ഒന്നര ലക്ഷത്തോളം കുട്ടികളെ വീടുകളിൽനിന്ന് നിർബന്ധിതമായി കൊണ്ടുവന്ന് ഈ സ്കൂളിലാക്കിയിരുന്നു.
അവരുടെ ഗോത്രഭാഷയും സംസ്കാരവും ഇവിടെ വിലക്കപ്പെട്ടു. സൗകര്യങ്ങളും ശുചിത്വവും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ താമസിപ്പിക്കപ്പെട്ട കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടതായി ആരോപിക്കപ്പെടുന്നു.
സ്കൂളുകളിൽ പഠിക്കവേ ആറായിരം കുട്ടികൾ മരിച്ചതായി ഔദ്യോഗിക കണക്കുണ്ട്.
സ്കൂൾ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ 2008ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തുകൊണ്ടുവന്നു. സ്കൂൾ പദ്ധതി നടപ്പാക്കിയതിൽ കനേഡിയൻ സർ ക്കാർ ഔദ്യോഗികമായി ക്ഷമാപണം നടത്തിയിരുന്നു.