മഞ്ഞലോഹത്തിന്റെ പൊന്തിളക്കമേറ്റ ഭൂമിയാണ് കൊടുവള്ളി. പട്ടിണിയില്‍ നാടുലഞ്ഞ കാലത്ത് അറബിപ്പൊന്ന് തേടിപ്പോയ ആദ്യനാടുകളിലൊന്നായിരുന്നു കൊടുവള്ളി.
പട്ടിണി മാറി നാടു വികസിച്ചപ്പോള്‍ അത്തറിന്റെ മണമുള്ളയിടമായി കൊടുവള്ളി മാറി. ഒപ്പം നാടിന്റെ മുഖച്ഛായയും മാറി തുടങ്ങി. മുക്കിലും മൂലയിലും വരെ ജ്വല്ലറികള്‍ നിറഞ്ഞു.
വെള്ളയില്‍ ആരംഭിച്ച വിപണികള്‍ പിന്നീടു സ്വര്ണതിളക്കത്താല് കൊടുവള്ളിയുടെ മാറ്റു കൂട്ടി. ഇരുനില വീടുകളും നിരത്തില്‍ നിറയെ ആഡംബര കാറുകളുമായതോടെ ഏവരുടെയും ശ്രദ്ധ കൊടുവള്ളിക്കു മേല്‍ പതിഞ്ഞു.
വര്‍ഷങ്ങള്‍ പിന്നിട്ടതോടെ സ്വര്ണനഗരിയെ വിവാദങ്ങളും പിടിമുറിക്കി.
ഒരു പ്രതിയെങ്കിലും
സംസ്ഥാനത്ത് എവിടെ സ്വര്‍ണവും ഹവാല പണവും പിടികൂടിയാലും അതില്‍ ഒരു കൊടുവള്ളിക്കാരനെങ്കിലും പ്രതിയായുണ്ടാവുന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ മാറി.
രാഷ്ട്രീയ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ബന്ധവുമെല്ലാം പലപ്പോഴും കൊടുവള്ളി സംഘത്തിനു തണലേകി.
ഇടതു-വലത് നേതാക്കള്‍ക്കു സ്വര്‍ണക്കടത്തുകാരുമായുള്ള ബന്ധങ്ങളും പുറത്തുവന്നതോടെ കേരള രാഷ്ട്രീയത്തിലും കൊടുവള്ളി വിവാദം നിറഞ്ഞു.
ഏറ്റവുമൊടുവില്‍ കരിപ്പൂര്‍ വഴി കടത്തിയ കോടികളുടെ സ്വര്‍ണക്കവര്‍ച്ചാ ശ്രമക്കേസിലും കൊടുവള്ളിയുടെ പങ്ക് ഉയര്‍ന്നുവന്നിരിക്കുകയാണ്.
സ്വര്‍ണത്തിനു പുറമേ ഹവാലയ്ക്കും കൊടുവള്ളി പേരുകേട്ട നാടായി മാറിയിരിക്കുകയാണ്. കൊടുവള്ളിയിലെ ഹവാല സംഘത്തിന്റെ ഓപ്പറേഷനിലേക്ക് ഒരു അന്വേഷണം.
ഓപ്പറേഷന് @ ബംഗളൂരു
കൊടുവള്ളി സംഘത്തിന്റെ കള്ളപ്പണ ഓപ്പറേഷന് ബംഗളൂരു കേന്ദ്രീകരിച്ചാണ്. ഗുജറാത്തില്‍നിന്നുള്ള സേട്ടുമാരും മറ്റു ബിസിനസുകാരുമെല്ലാം സ്വര്‍ണവും പണവും കൈമാറുന്നതും മറ്റും ബംഗളൂരു കേന്ദ്രീകരിച്ചാണ്.
വിദേശത്തുനിന്ന് അനധികൃതമായി എത്തിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ബംഗളൂരുവിലാണ് എത്തുന്നത്. ഇവിടെനിന്നു ഗുജറാത്ത് സംഘം സ്വര്‍ണം പണമുപയോഗിച്ചു വാങ്ങും.
ഈ പണമാണ് ബംഗളൂരുവില്‍നിന്നു കൊടുവള്ളിയിലെത്തുന്നത്. രേഖകളില്ലാത്ത കോടികള്‍ കൊടുവള്ളിയിലെത്തിയാല് പിന്നീടു ഹവാല പണമായി വിതരണം ചെയ്യുകയാണ് പതിവ്.
കാറിലെ “പെട്ടി’
കൊടുവള്ളി ഹവാല ഇടപാടുകള്‍ക്കും ഫലപൂഷ്ടിയുള്ള മണ്ണാണ്. കോഴിക്കോട് നഗരത്തില്‍ വരെ കൊടുവള്ളി സംഘത്തിന്റെ ഹവാല പണം ഒഴുകുന്നുണ്ട്.
രണ്ട് -മൂന്ന് വര്‍ഷം മുമ്പു വരെ ബംഗളൂരുവില്‍നിന്നു കാറിലായിരുന്നു ഹവാല പണം കൊടുവള്ളിയിലെത്തിയിരുന്നത്. കാറിനുള്ളില്‍ പ്രത്യേകം അറയുണ്ടാക്കുന്ന സംഘം കൊടുവള്ളിയിലും കുന്ദമംഗലത്തും ഉണ്ടായിരുന്നു.
ഇപ്രകാരം അറ ഉണ്ടാക്കുന്നതിനെ “പെട്ടി അടിക്കുക’ എന്നാണ് പറയുന്നത്. പെട്ടിയടിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായിട്ടായിരിക്കും.
(തുടരും)