ഹവാല കടത്താൻ പെട്ടിയടിച്ച കാര്‍ യുവാക്കള്‍ക്കു വിട്ടുകൊടുക്കും. ബംഗളുരുവിലേക്കു നാലുപേരടങ്ങുന്ന യുവാക്കളുടെ സംഘത്തെ യാത്രയാക്കും. ഡ്രൈവിംഗ് ലൈസന്‍സും കാറിന്റെ മറ്റു രേഖകളുമെല്ലാം കൃത്യമാക്കിയാണ് യാത്ര .
ചില യുവാക്കള്‍ വിനോദയാത്രയ്ക്കെന്ന രീതിയില്‍ പോയി പണം ശേഖരിച്ചായിരുന്നു തിരിച്ചെത്തിയത്. എന്നാല്‍, ലോക്ഡൗണും മറ്റും കാരണം ഇപ്പോള്‍ യുവാക്കള്‍ക്കു ഹവാലപ്പണം ശേഖരിക്കാന്‍ പോകുന്നതിനു തടസങ്ങള്‍ നേരിട്ടു.
ഇതോടെ ഹവാല പണമിടപാടുകള്‍ കൊടുവള്ളിയില്‍നിന്ന് അപ്രത്യക്ഷമാവുമെന്നു പോലീസും മറ്റു രഹസ്യാന്വേഷ വിഭാഗവും കരുതി. എന്നാല്‍, പതിന്മടങ്ങ് ശക്തിയോടെയായിരുന്നു കൊടുവള്ളി ഹവാല സംഘം തിരിച്ചെത്തിയത്.
പരീക്ഷണം വിജയം!
കോവിഡ് ഭീതിയിലും ഇതരസംസ്ഥാനത്തുനിന്നു സുഗമമായി കേരളത്തിലേക്കും തിരിച്ചും ചരക്കുനീക്കം നടന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഹവാല സംഘം പുതിയ പദ്ധതി ആലോചിക്കുന്നത്.
പെട്ടി അടി ചരക്ക് വാഹനങ്ങളിലാക്കിയാല് എന്താവും ? ആദ്യഘട്ട പരീക്ഷണം വിജയിച്ചതോടെ പിന്നീടു പുതിയ വഴിയിലൂടെ ഹവാല കൊടുവള്ളിയിലേക്കു കുതിച്ചൊഴുകിയെത്തി.
പച്ചക്കറി ലോറികളിലും മത്സ്യം കയറ്റുന്ന ലോറികളിലും വരെ ഇന്നു ഹവാലപ്പണം എത്തുന്നതായാണ് വിവരം. അതിര്‍ത്തികളില്‍ ലോറികള്‍ സസൂക്ഷ്മം പരിശോധിക്കാനുള്ള സാധ്യത വിരളമാണ്. ഇളവുകള്‍ പ്രയോജനപ്പെടുത്തിയാണ് കണ്ടെയ്നര്‍ ലോറിയില്‍ വരെ പെട്ടിയടിച്ചു കള്ളപ്പണം കൊണ്ടുവരുന്നത്.
ഹവാലയ്ക്ക് ഷീട്ട് !
വിദേശത്തുനിന്നും മറ്റും സാധാരണക്കാരായ മലയാളികള്‍ സമ്പാദിക്കുന്ന പണം നാട്ടിലെത്തിക്കുന്നതു പലപ്പോഴും കൊടുവള്ളി സംഘംവഴിയാണ്.
ഇക്കാര്യം പോലീസിനും ഇന്റലിജന്‍സിനും അറിയാം. വിദേശത്തു നിന്നു ബാങ്കു വഴി പണം അയയ്ക്കുമ്പോള്‍ നിശ്ചിത തുകയ്ക്കു നികുതിയും അടയ്ക്കണം.
അധ്വാനിക്കുന്ന പണത്തിനു നികുതി കൊടുക്കാന്‍ താത്പര്യമില്ലാത്ത മലയാളികള്‍ കൊടുവള്ളിയിലെ ഹവാല ഏജന്റിനു റിയാല്‍ കൈമാറും.
റിയാലിന് ആനുപാതികമായ തുക നാട്ടിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്തം ഏജന്റിനാണ്. പ്രത്യേകം കരിയര്‍മാര്‍ വഴി പണം ബംഗരുവിലാണ് എത്തിക്കുന്നത്.
ഈ പണം പെട്ടിയടിച്ച വാഹനം വഴി നാട്ടിലെത്തിക്കും. ഇവിടുത്തെ ഏജന്റ് പണം എത്തിയാല്‍ വിതരണക്കാരായ യുവാക്കള്‍ക്കു കൈമാറും. കൈമാറുമ്പോള്‍ ഒരു കുറിപ്പും ഒരു ഫോണ്‍ നമ്പറും ഉണ്ടാവും.
ഇപ്രകാരം നല്കുന്ന കുറിപ്പിനാണ് ”ഷീട്ട്’ എന്നു പറയുന്നത്. പണം നല്‍കേണ്ട വീടിനു സമീപത്തെത്തി മൊബൈലില്‍ വിളിക്കുകയും പണം കൈമാറുകയുമാണ് പതിവ്. കൊണ്ടുപോവുന്ന പണത്തിന്റെ മാനമാണ് ഇവര്‍ക്കു ലഭിക്കുക. ദൂരത്തിനനുസരിച്ചു കമ്മീഷനും കൂടും. (തുടരും)