ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയായ സജീവന്റെ നേതൃത്വത്തിലായിരുന്നു ഹവാല പണം തട്ടിയെടുക്കാനുള്ള ആസൂത്രണവും ഓപ്പറേഷനും.
സജീവന് വിവിധയിടങ്ങളില്‍നിന്നു പണം തട്ടിയ കേസില്‍ നേരത്തെയും പോലീസിന്റെ പിടിയിലായിട്ടുണ്ട്. വടകര കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണക്കാരെ ലക്ഷ്യമിട്ടാണ് കണ്ണൂരില്‍നിന്ന് ഇവരെത്തിയത്.
കര്‍ണാടകയിലെ കുട്ടയിലെ ഹവാലക്കാരില്നിന്ന് 85 ലക്ഷവും വയനാട്ടില്‍നിന്ന് 68 ലക്ഷവും തട്ടിയെടുത്തിട്ടുണ്ട്. രേഖകളില്ലാത്ത പണമായതിനാല്‍ പരാതിക്കാരില്ല.
ഇതാണ് ഇവർ ഈ രംഗത്തു അഴിഞ്ഞാടാൻ ഇടയാക്കുന്നത്. ഇരുപതിടങ്ങളിലെ ഓപ്പറേഷനാണ് സംഘം പോലീസിനോടു സമ്മതിച്ചത്.
എന്നാൽ, ഇതിലേറെ സ്ഥലങ്ങളിൽനിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. തട്ടിയെടുക്കുന്ന പണം ആഡംബര ജീവിതത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ താമസിച്ചു ധൂർത്തടിക്കുന്നതിനുമാണ് സംഘത്തിലുള്ളവർ ഉപയോഗിച്ചിരുന്നത്.
കമ്മീഷൻ പത്തു ലക്ഷം!
സംസ്ഥാനത്തെ ഏതാനും ജില്ലകളിലേക്കു ചെന്നൈ, ബംഗളുരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നു ദിനംപ്രതി എത്തിയിരുന്നതു കോടികളാണെന്നാണു വിവരങ്ങള്‍.
ദിവസവും കള്ളക്കടത്തിനുള്ള രഹസ്യ അറകളോടുകൂടിയ വാഹനങ്ങള്‍ മംഗലപുരം – പൊള്ളാച്ചി റൂട്ടില്‍നിന്നു വാളയാര്‍, മുത്തങ്ങ, നാടുകാണി, വേലന്താവളം ചെക്ക് പോസ്റ്റുകള്‍ കടന്നു മലബാര്‍ മേഖലയില്‍ എത്തുന്നുണ്ട്.
സംസ്ഥാനത്ത് എത്തുന്ന പണത്തിന് ആവശ്യക്കാരെ കണ്ടെത്താനും സുരക്ഷിതമായി പണം അവരുടെ കൈകളിലെത്തിക്കാനും കമ്മീഷന് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുമുണ്ട്.
ഒരു കോടി രൂപയ്ക്കു പത്തു ലക്ഷംവരെയാണ് ഇവരുടെ കമ്മിഷന്. ഇടപാടുകള്‍ കിറുകൃത്യമാണെന്നു ബോധ്യപ്പെട്ടാല്‍ ഇവരുടെ റാക്കറ്റില്‍പ്പെട്ട മറ്റു സംഘങ്ങളും ചോദിക്കുന്ന പണം രേഖകളൊന്നും കൂടാതെ വായ്പയായി നല്‍കും.
കെണിയിൽ വീണവർ
അയല്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും കോഴപ്പണമെന്നാണ് പലപ്പോഴും ഇടനിലക്കാര്‍ പണത്തിന്റെ ഉറവിടത്തെപ്പറ്റി ആവശ്യക്കാരെ ധരിപ്പിക്കുന്നതത്രേ.
കൂട്ടത്തില്‍ കള്ളനോട്ടുകള്‍ കലര്‍ത്തി കൈമാറ്റം ചെയ്യുന്ന സംഘങ്ങളുമുണ്ട്.
ബാങ്കുകളില്‍നിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വലയുന്നവരും ബിസിനസ് മെച്ചപ്പെടുത്തി പ്രതിസന്ധികളെ അതിജീവിക്കാമെന്നു കരുതുന്നവരുമാണ് കള്ളപ്പണ മാഫിയയുടെ ഇരകളാകുന്നത്.
നോട്ട് നിരോധനത്തിനു മുമ്പ് ഹവാല ഇടപാടുകാരുടെ കെണിയില്‍ വീണു നിരവധി വ്യാപാരികള്‍ നില്‍ക്കക്കള്ളിയില്ലാതെ കടകള്‍ പൂട്ടുകയും ആത്മഹത്യയില്‍ അഭയം തേടുകയുംചെയ്ത സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്.
തലയൂരാം, ഈസിയായി!
പരിധിയില്‍ കവിഞ്ഞ പണം പിടികൂടിയാല്‍ പണത്തിന്റെ ഉറവിടം വ്യക്തമാക്കുകയും അതിനു നികുതി നല്കാന് തയാറാകുകയും ചെയ്താല്‍ ആ പണം നിയമവിധേയമാകുമെന്നിരിക്കെ കണക്കില്‍ കവിഞ്ഞ പണം പിടികൂടുന്നതിനു പോലീസ് വലിയ പ്രാധാന്യം കല്പ്പിക്കാറില്ല.
കണക്കില്‍പ്പെടാത്ത പണമാണ് പിടിച്ചതെങ്കില്പോലും രാഷ്ട്രീയ-ഭരണ സ്വാധീനമോ കൈക്കൂലി നല്‍കാനോ തയാറായാല്‍ കേസും കൂട്ടുവുമില്ലാതെ തലയൂരാമെന്നതാണ് സ്ഥിതി.
പണത്തിന്റെ ഉറവിടത്തെപ്പറ്റി സത്യസന്ധമായ അന്വേഷണത്തിനു പോലീസിന് സാധിക്കാത്തതിനാല്‍ ഇത്തരം കേസുകള്‍ ആദായനികുതി വിഭാഗത്തിനു കൈമാറി തലയൂരുകയാണ് പലപ്പോഴും പോലീസ് ചെയ്യുന്നത്.
എന്നാല്‍, കോടികളുടെ കള്ളപ്പണവുമായി വാഹനങ്ങള്‍ സഹിതം പിടികൂടിയ ഒട്ടനവധി കേസുകള്‍ ഇപ്പോഴും കള്ളക്കടത്തുകാരെ കണ്ടെത്താനാകാതെ കേരള പോലീസിന്റെ കേസ് ഡയറികളില്‍ പൊടിയും മാറാലയും മൂടി കിടപ്പുണ്ട്.
(തുടരും).