കണ്ണൂർ: സിപിഎമ്മിൽ നിന്നു രാജിവച്ചതിനു ഭീഷണി നേരിടുന്ന തില്ലങ്കേരിയിലെ കെ.വി. അശോകനും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. അശോകൻ സമർപ്പിച്ച ഹർജിയിലാണു വിധി. അശോകനെ കൂടാതെ ഭാര്യ ഹൈമ, മക്കളായ ചിന്മയ, സന്മയ എന്നിവർക്കും സംരക്ഷണം നൽകാൻ ഇരിട്ടി സിഐക്കും മുഴക്കുന്ന് എസ്ഐയ്ക്കും കോടതി നിർദേശം നൽകി.
സിപിഎം വിട്ടതിനെ തുടർന്നു തില്ലങ്കേരിയിലെ പ്രാദേശിക നേതൃത്വം തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അശോകനും കുടുംബവും 2016 ഒക്ടോബർ ഏഴിനു കളക്ടറേറ്റിനു മുന്നിൽ ഉപവാസം നടത്തിയിരുന്നു.
സിപിഎം തില്ലങ്കേരി സൗത്തിലെ കുണ്ടേരിഞ്ഞാൽ ബ്രാഞ്ച് കമ്മിറ്റി അംഗവും നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) മട്ടന്നൂർ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന താൻ പാർട്ടിയിലെ ചില അസ്വാരസ്യത്തെ തുടർന്നാണു പുറത്തുവന്നതെന്ന് അശോകൻ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹൈക്കോടതിയെ സമീപിച്ചത്.