കിഴക്കമ്പലം: കിഴക്കന്പലം പഞ്ചായത്തിലെ ഭരണകക്ഷിയായ ട്വന്റി-ട്വന്റിയിൽ നടക്കുന്നതു ചീഫ് കോ ഓർഡിനേറ്ററുടെ ഏകാധിപത്യ ഭരണമാണെന്നു രാജിവച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ട്വന്റി-ട്വന്റി ചീഫ് കോ ഓർഡിനേറ്ററുമായി മാസങ്ങളായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നു ബുധനാഴ്ചയാണു കെ.വി. ജേക്കബ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ട്വന്റി-ട്വന്റിയിലെ മെന്പർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്നു വോട്ടെടുപ്പ് നടക്കാനിരിക്കേയായിരുന്നു രാജി.
തുച്ഛമായ സര്‍ക്കാര്‍ വിഹിതം മാത്രം ആധാരമാക്കിയുള്ള വികസനം അപര്യാപ്തമാണെന്നും അതിനാല്‍ വികസനകാര്യത്തില്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസനം നടപ്പാക്കാം എന്നും പറഞ്ഞാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ മുന്നണികൾക്കെതിരേ മത്സരിച്ചു ട്വന്റി-ട്വന്റി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നത്. 2020 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ആക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ വികസനകാര്യത്തില്‍ ജില്ലയില്‍ പോലും കിഴക്കന്പലം 75ാം സ്ഥാനത്താണ്. പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടയ്ക്കുകയും ചെയ്തതായി കെ.വി. ജേക്കബ് പറഞ്ഞു.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുതലാണ് ചീഫ് കോ ഓർഡിനേറ്ററുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായത്. ലോകസഭ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നങ്കിലും ഫലം വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാനായിരുന്നു വിജയം. പിന്നീട് ട്വന്റി-ട്വന്റിയുടെ ഹൈപ്പവര്‍ കമ്മിറ്റിയോ മറ്റു കമ്മിറ്റികളോ ചേർന്നിട്ടില്ല.
സംഘടനയിൽ എതിരഭിപ്രായം പറയുന്നവരെ പുറത്താക്കും. ഏകാധിപത്യം സഹിച്ചു മുന്നോട്ട് നീങ്ങാന്‍ കഴിയാത്തതിനാലാണ് രാജിവച്ചത്. പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും എല്ലാം ശന്പളക്കാരാണ്. എല്ലാമാസവും അഞ്ചിന് മുമ്പ് പ്രസിഡന്റിന് 25,000, വൈസ് പ്രസിഡന്റിന് 20,000, പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് 15,000 എന്നിങ്ങനെ പണം നൽകും. എതിര് കക്ഷിയില്‍പെട്ട സ്വന്തക്കാര് മരിച്ചാല്‍ പോലും പോകാന്‍ പാടില്ല.
നേരത്തെ ഒരു മെമ്പര്‍ ട്വന്റ് 20യില്‍നിന്നു രാജിവച്ചത് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് എതിര്‍കക്ഷിയിലെ മെമ്പര്‍മാരെ വിളിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം മൂലമാണ്. തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാൻ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും വിവിധ വാര്‍ഡുകളില്‍ ബിനാമി കരാറുകാരെ വച്ചു നടത്തിയ അഴിമതിയെക്കുറിച്ചു പൊതുസംവാദത്തിനു തയാറുണ്ടോയെന്നും കെ.വി. ജേക്കബ് ചോദിച്ചു.