മുണ്ടക്കയം: കോണ്‍ഗ്രസിന്റെ ജില്ലയിലെ മുതിർന്ന നേതാവ് കെ.വി. കുര്യന്റെ മരണത്തോടെ ഓർമയാകുന്നത് ആറു പതിറ്റാണ്ടുകാലത്തെ പകരം വയ്ക്കാനില്ലാത്ത പൊതുപ്രവർത്തനചരിത്രം. മുണ്ടക്കയത്തെ വഴിത്തിരിവായി മാറിയ പല വികസന പദ്ധതികളിലും നാട്ടുകാർ കെ.വി.കെ എന്നു വിളിക്കുന്ന കെ.വി. കുര്യന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്.
ചെറുപ്പത്തിൽ തന്നെ പൊതുരംഗത്ത് പ്രവർത്തനമാരംഭിച്ച കെ.വി. കുര്യൻ തന്റെ പ്രവർത്തന മികവു കൊണ്ട് 1965 ൽ മുപ്പത്തിയേഴാം വയസിൽ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ യായി.1970 ലും 1977 ലും വീണ്ടും നിയമസഭയിലെത്തിയ കെ.വി. കുര്യൻ പതിനാറ് വർഷം മുണ്ടക്കയം പഞ്ചായത്തിന്റെ പ്രസിഡന്റും നാല് വർഷം പിഎസ്സി മെംബറും 45 വർഷത്തോളം മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു.
ഇദ്ദേഹം പ്രസിഡന്റായിരുന്ന സമയത്താണ് പുറന്പോക്കിൽ താമസിച്ചിരുന്ന 600 കുടുംബങ്ങളെ കോരുത്തോട് പനയ്ക്കച്ചിറയിൽ പുനരധിവസിപ്പിച്ചത്. മുണ്ടക്കയം കോസ് വേയുടെ നിർമ്മാണത്തിനും മാർഗ ദർശിയായി. മുണ്ടക്കയം പഞ്ചായത്തിലെ ഏറ്റവും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന വേലനിലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ജില്ലയിലെ ഏറ്റവും വലുതും സംസ്ഥാന തലത്തിൽ ശ്രദ്ധനേടിയതുമായിരുന്നു.
രണ്ട് പഞ്ചായത്തുകളിലായി അറുന്നൂറിലധികം കുടുംബങ്ങൾക്ക് ഈ പദ്ധതി വഴി കുടിവെള്ളം ലഭിക്കുന്നുണ്ട്. വേലനിലത്ത് വാർഡ് തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ പോസ്റ്റർപോലും പതിക്കാതെ വിജയം കൈവരിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി മുൻ എംഎൽഎകെ.വി. കുര്യന്റെ സംസ്കാരം ഇന്ന്
മുണ്ടക്കയം: അന്തരിച്ച മുൻ എംഎൽഎയും രാഷ്ട്രദീപിക ലിമിറ്റഡ് മുൻ ഡയറക്ടറും കോണ്‍ഗ്രസ് നേതാവുമായ വേലനിലം പൊട്ടംകുളം കെ.വി. കുര്യന്റെ(91)സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് സ്വവസതിയിൽ ആരംഭിച്ച് മുണ്ടക്കയം വേലനിലം സെന്റ് മേരിസ് പള്ളിയിൽ സംസ്കരിക്കും.
കാഞ്ഞിരപ്പള്ളി നിയോജമണ്ഡലത്തിൽ നിന്നും 1965, 71, 77 കാലങ്ങളിൽ നിയമസഭയിലേക്ക് കെ.വി. കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. 1964 മുതൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റായും, 2004 മുതൽ അഞ്ചു വർഷം അംഗമായും പ്രവർത്തിച്ചു. രണ്ടര പതിറ്റാണ്ടിലധികമായി മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. 1952 ൽ കോണ്‍ഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ കെ.വി. കുര്യൻ 1954 ൽ കെപിസിസി അംഗമായി.
പീന്നിട് 1964 ൽ കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറി. പരേതനായ മുൻ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ അനുഭാവികൾ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോൾ കെ.വി. കുര്യനെ കോട്ടയം ജില്ലാ പ്രസിഡന്റായും തെരഞ്ഞെടുത്തു. 1977ൽ കേരള കോണ്‍ഗ്രസിന്റെ ചെയർമാനായി. 1985 ൽ കേരള കോണ്‍ഗ്രസ് വിട്ട് കെ.വി. കുര്യൻ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചു മടങ്ങി.
ആലപ്പുഴ നെരോത്ത് കുടുംബാംഗം അമ്മിണിയാണ് ഭാര്യ. മക്കൾ: ജോർജ് കുര്യൻ, ജോണ്‍ കുര്യൻ, കെ.കെ. കുര്യൻ, കുഞ്ഞുമേരി, ഏലമ്മ, ത്രേസ്യാമ്മ, റോസി. മരുമക്കൾ: ജെസി അക്കരക്കുളം (ആലപ്പുഴ), കൊച്ചുറാണി ആനത്താനം (കാഞ്ഞിരപ്പള്ളി), അന്ന പറന്പിൽ (കാഞ്ഞിരപ്പള്ളി), ടി.സി. ജോസഫ്തേവർകാട്ട്, മാത്യു ജോർജ് ചാലിശേരി (തൃശൂർ), കെ.ടി.ജെ. തോമസ് കരിപ്പാപ്പറന്പിൽ, പരേതനായ തൊമ്മി ചാക്കോള (തൃശൂർ).