മയ്യിൽ: എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കൃത്യമായി നിലപാടുകൾ പറയേണ്ട സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരനും ഭക്ഷ്യ സുരക്ഷാ ഡയറക്ടറുമായ ഡോ.കെ വി മോഹൻകുമാർ. ചില വേദികളിലോ ചില സാഹചര്യങ്ങളിലോ നിലപാടുകൾ രേഖപ്പെടുത്താൻ കഴിയുന്നുവെങ്കിൽ ചിലയിടത്ത് അത് സാധ്യമാകുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ്.
തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ മൂന്നാമത് എൻ. ഉണ്ണികൃഷ്ണൻ പുരസ്കാര സമർപ്പണവും മുപ്പതാം വർഷികാഘോഷം സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മോഹൻ കുമാർ. യുവജനക്ഷേമ ബോർഡ് അംഗം ബിജു കണ്ടക്കൈ അധ്യക്ഷത വഹിച്ചു.
ഫുട്ബോൾ രംഗത്ത് അരനൂറ്റാണ്ടുകാലത്തെ ആത്മാർപ്പണത്തിന് കൈപ്രത്ത് ചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ ഫുട്ബോൾ താരം കെ. ബിനീഷ് മുഖ്യാതിഥിയായിരുന്നു. . മത്സര വിജയികൾക്ക് വി. മനോമോഹനൻ സമ്മാനം നൽകി. എൻ.കെ. രാജൻ, കെ സി ശ്രീനിവാസൻ പി. പി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ പയ്യന്നൂർ എസ് എസ് ഓർക്കസ്ട്രയും തിരൂർ സൺറൈസ് ഡാൻസ് കമ്പനിയും ഒരുക്കിയ ഇശൽനിലാ മെഗാഷോയും അരങ്ങേറി. ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ ബദൽ – ഗ്രാമീണ ഉത്പപന്ന-ഭക്ഷ്യ വിപണനമേളയും ഒരുക്കിയിരുന്നു.