സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിലക്ക് അവഗണിച്ച് സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പ്രഫ. കെ.വി. തോമസിനെതിരേ കെപിസിസി തിരക്കിട്ട് നടപടിയെടുത്തേക്കില്ല.
സെമിനാറിൽ പങ്കെടുത്തെന്നതിന്റെ പേരിൽ നടപടിയുണ്ടായാൽ തോമസിനു വീരപരിവേഷം ലഭിക്കാനിടയുണ്ടെന്നും അത് അദ്ദേഹത്തെ ഇടതു പാളയത്തിൽ എത്തിക്കുന്നതിന് വേഗത്തിലാക്കുമെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ അച്ചടക്ക ലംഘനം ആര് നടത്തിയാലും കടുത്ത നടപടി വേണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാട്.
തോമസ് അച്ചടക്ക ലംഘനം നടത്തിയെന്നതു വ്യക്തമാണെന്നും ഇക്കാര്യത്തിൽ ആശയ വിനിമയത്തിന്റെ ആവശ്യമില്ലെന്നും സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു.
പാർട്ടിയുടെ തീരുമാനം ലംഘിച്ച് നേതാക്കൾക്കെതിരേ വിമർശനം ഉന്നയിക്കുന്പോഴും താൻ കോൺഗ്രസുകാരനായി തുടരുമെന്നാണ് തോമസ് ഇന്നലെ വ്യക്തമാക്കിയത്.
പദവി നിർണയ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി തെറ്റി നിൽക്കുന്ന തോമസ് ഇടതു പാളയത്തിലേക്കു ചേക്കേറാൻ കുറേക്കാലമായി നടത്തുന്ന നീക്കങ്ങളുടെ ആസൂത്രിത നാടകമാണിതെന്നു കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
സിപിഎം സെമിനാറിൽ പങ്കെടുത്തെന്ന പേരിൽ തോമസിനെതിരേ നടപടിയുണ്ടായാൽ അത് അദ്ദേഹത്തിനു രക്തസാക്ഷി പരിവേഷം ഉണ്ടാകുകയും ഇടത് പ്രവേശനം എളുപ്പമാക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ തോമസിനെതിരേ തിരക്കിട്ട് നടപടിയിലേക്കു കടക്കാതെ വിശദീകരണം ആവശ്യപ്പെട്ടതിനു ശേഷം പരമാവധി വൈകിപ്പിച്ചാകും നടപടിയുണ്ടാകുകയെന്നും നേതാക്കൾ വിശദമാക്കുന്നു.
മുതിർന്ന നേതാവും കാലങ്ങളായി എഐസിസി അംഗവുമായ കെ.വി. തോമസിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് എഐസിസിയുടെ അച്ചടക്ക സമിതിയാണ്.
ഇക്കാര്യത്തിൽ കെപിസിസി നൽകുന്ന നടപടി ശിപാർശ എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി പരിശോധിച്ച് തീരുമാനമെടുക്കും.
സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്നു വിലക്ക് ഏർപ്പെടുത്തിയത് കെപിസിസി ആയതിനാൽ നടപടി കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കേണ്ടതു സംസ്ഥാന ഘടകമാണെന്നു ഹൈക്കമാൻഡ് നിലപാട് അറിയിച്ചിട്ടുണ്ട്.