ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം നടത്തിയപ്പോള്‍ എറണാകുളം സിറ്റിംഗ് എംപിയായിരുന്ന കെ.വി.തോമസിനെ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. പകരം ഹൈബി ഈഡനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇത്തവണ പരിഗണിച്ചത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന സമയത്ത് കെ.വി.തോമസ് വളരെ വികാരാധീനനായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പെട്ടെന്നുള്ള ഷോക്കില്‍ താന്‍ അങ്ങനെയൊക്കെ സംസാരിച്ച് പോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇപ്പോഴിതാ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ താന്‍ വിഷാദരോഗത്തില്‍ അകപ്പെട്ട് പോയെന്ന് വെളിപ്പെടുത്തി കെ.വി. തോമസ് രംഗത്തെത്തിയിരിക്കുന്നു.
വിഷാദരോഗത്തെ കീഴ്പ്പെടുത്താന്‍ സഹായിച്ചത് സംഗീതമാണെന്നും കെ. വി തോമസ് പറഞ്ഞു. യേശുദാസും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ സംഗീതസഭയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന അഗസ്റ്റിന് ജോസഫ് സ്മാരക പുരസ്കാരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കെ വി തോമസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
‘സീറ്റ് നിഷേധിച്ചതറിഞ്ഞ് ഞാന്‍ തളര്‍ന്നുപോയി. സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാന്‍ പറഞ്ഞു. ‘കര്‍ത്താവേ യേശുനാഥാ’ എന്ന ക്രിസ്ത്യന്‍ ഗാനമാണ് അദ്ദേഹം പ്ലേ ചെയ്തത്. വിഷാദരോഗത്തെ മറികടക്കാന്‍ സഹായിച്ചത് സംഗീതമാണ്. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെയും പ്രൊഫഷണല്‍ നാടക ഗാനങ്ങളുടെയും കടുത്ത ആരാധകനാണ് താനെന്ന് കെ വി തോമസ് പറഞ്ഞു. ‘പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്’ ആണ് തന്റെ ഇഷ്ടഗാനമെന്നും കെവി തോമസ് പറഞ്ഞു.