സ്വന്തം ലേഖകൻ
കൊച്ചി: രോഗി ഇച്ഛിച്ചതും വൈദ്യന് കല്പിച്ചതും എന്നു പറയുന്നതുപോലെയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ പുറത്താക്കിയ കോണ്‍ഗ്രസ് നടപടി.
തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള കെ.വി. തോമസിന്റെ തീരുമാനം വന്നപ്പോള്‍ മുതല്‍ ഏതു നിമിഷവും പുറത്താക്കല്‍ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതാണ്.
കണ്‍വന്‍ഷനു മുമ്പോ ശേഷമോ എന്നതു മാത്രമായിരുന്നു അവശേഷിക്കുന്ന ആകാംക്ഷ.
അതിന് ഉത്തരം ഇന്നലെ കെ.വി. തോമസിന്റെ പ്രസംഗത്തിനു പിന്നാലെ കെപിസിസിസി പ്രസിഡന്റിന്റെ അറിയിപ്പായി എത്തുകയും ചെയ്തു.
കെ.വി. തോമസിന്റെ ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുന്ന പല പ്രസ്താവനകളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ അദ്ദേഹത്തെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ തീരുമാനം.
രക്തസാക്ഷി പരിവേഷം നല്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ ഇടതുസ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു കണ്വന്ഷന് വേദിയിലെത്തി കോണ്‍ഗ്രസിനെതിരേ ആഞ്ഞടിക്കുകയും പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്ത അദേഹത്തെ അടിയന്തരമായി പുറത്താക്കാന്‍ കെപിസിസി നിര്‍ബന്ധിതമാവുകയായിരുന്നു.
ഇനിയും പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വലിയ വിമര്‍ശനം നേരിടേണ്ടിവന്നേനെ.
മുമ്പ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തപ്പോള്‍ തോമസിനെ അനുകൂലിച്ച ചുരുക്കം ചിലര്‍ക്കുപോലും ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല ഇന്നലത്തെ അദ്ദേഹത്തിന്റെ നടപടി. കെ.വി. തോമസിന് തൃക്കാക്കരയിലെ വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
അതേസമയം കോണ്‍ഗ്രസുകാരനായി തുടരുമെന്നും ഒരു പാര്‍ട്ടിലേക്കും ഇല്ലെന്നും ആവര്‍ത്തിക്കുന്ന കെ.വി. തോമസ് എന്താണ് യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നതെന്ന് ഇനിയും വ്യക്തമല്ല.
വികസനത്തിനൊപ്പമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഒഴിഞ്ഞ ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാന്‍സ്ഥാനം,
കെ. റെയില്‍ പദ്ധതി നടത്തിപ്പില്‍ സുപ്രധാന റോള്‍, മകള്‍ രേഖാ തോമസിന് അടുത്ത നിയമസഭാ ഇലക്ഷനില്‍ എല്‍ഡിഎഫ് സീറ്റ്,
കേരള ബാങ്കില്‍ മകന് ഉയര്‍ന്ന പദവി എന്നിങ്ങനെ പലതും കെ.വി. തോമസിനായി സിപിഎം പരിഗണിക്കുന്നതായി അണിയറയില്‍ സംസാരമുണ്ട്.
കെ.വി. തോമസ് ഇടതുവേദിയിലേക്ക് നടന്നുകയറിയത് സഖാവ് വിളികള്‍ക്കിടെ…