കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമർശനവുമായി മുൻ എംപി കെ.വി. തോമസ്. വിവിധ സംസ്ഥാനങ്ങളിൽ മികച്ച സഖ്യങ്ങളുണ്ടാക്കാൻ കോണ്‍ഗ്രസിനു കഴിയാതിരുന്നതാണ് പരാജയത്തിനു കാരണമായതെന്ന് തോമസ് വിലയിരുത്തി.
പാർട്ടിയുടെ സംഘടനാ തലത്തിൽ പാളിച്ചകളുണ്ടായിരുന്നെന്നും ഇത് പരിശോധിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും ജനപിന്തുണ ലഭിച്ചെങ്കിലും വോട്ടാക്കി മാറ്റാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കെ.വി. തോമസ് പരാതിയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മാന്യമായി പിൻമാറാൻ പോലും അവസരം നൽകിയില്ലെന്നായിരുന്നു പരാതി. സീറ്റില്ലെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെങ്കിൽ സ്വയം പിൻമാറിയേനെ എന്നും അദ്ദേഹം പറഞ്ഞു.