കല്ലടിക്കോട്: വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ മീൻവല്ലം വെള്ളച്ചാട്ടത്തിൽ അപകട മരണങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഇതിനു പരിഹാരം കാണുന്നതിനായി ചുള്ളിയംകുളം ഹോളി ഫാമിലി പാരിഷ് ഹാളിൽ വിപുലമായ ജനകീയ ചർച്ച നടത്തി. കോങ്ങാട് എംഎൽഎ കെ.വി. വിജയദാസ് മുൻകൈ എടുത്താണ്വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സുരക്ഷാ കാര്യങ്ങൾ കൂടുതലായി ആലോചിച്ചത്.
ഇതുവരെ 11 ഓളം പേർ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചതായാണ് കണക്ക്. ഇത്തരം സന്ദർഭത്തിലാണ് മീൻവല്ലത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ തീരുമാനമുണ്ടാകുന്നത്. മീൻവല്ലത്ത് വനം വകുപ്പ് കൂടുതൽ സുസജ്ജരാകണം, പൂർണ്ണമായുംജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മീൻവല്ലത്ത്ഗ്രാമപഞ്ചായത്തിന് കൂടുതൽ അധികാര പരിധി നിശ്ചയിക്കണം.
ജില്ലാ. ബ്ലോക്ക് . ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ. വനം. റവന്യു . പോലീസ്. എക്സൈസ്. ആരോഗ്യ . വിദ്യാഭ്യാസ വകുപ്പ് മേധാവികൾ. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ. സാമൂഹ്യ ’സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വനംവകുപ്പ് ജീവനക്കാർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. നിലവിൽ വന സംരക്ഷണ സമിതിക്കാണ് മീൻവല്ലം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ മേൽനോട്ടം.
മൂന്നേക്കർ സെന്ററിലുള്ള വന സംരക്ഷണ സമിതി ഓഫീസിൽ നിന്നും മുതിർന്ന ഒരാൾക്ക് 20 രൂപയും കുട്ടിയ്ക്ക് 10 രൂപയും ഈടാക്കിക്കൊണ്ടുള്ള പാസ് നൽകിയാണ് വെള്ളച്ചാട്ടത്തിലേയ്ക്ക് സന്ദർശകരെ കടത്തിവിടുന്നത്. വെള്ളച്ചാട്ടത്തിലെത്തുന്നവരെ നിയന്ത്രിക്കുവാൻ രണ്ട് വനസംരക്ഷണ സമിതിയംഗങ്ങൾ പകൽ സമയത്തുണ്ട്. എന്നിട്ടും ഇവിടെ അപകടങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്.
വനം വകുപ്പും, വനം സംരക്ഷണ സമിതിയും വേണ്ടത്ര മുൻകരുത ലുകളെടുത്തിട്ടും അപകടങ്ങൾ കുറയുന്നില്ല. വഴുക്കൻ പാറകളിൽ കയറുന്നതാണ് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. മദ്യപിച്ചെത്തുന്നവരും പ്രശ്നമാകാറുണ്ട്.ആഴമുള്ള കയമാണ് ഇവിടെ. വളരെയധികം വഴുക്കലുള്ള പാറയിൽ തണുപ്പേറെയുള്ള വെള്ളത്തിലേക്ക് പതിച്ചാൽ രക്ഷപ്പെടുക പ്രയാസം.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സന്ദർശകരെ വെള്ളച്ചാട്ടത്തിലേയ്ക്ക് കടത്തിവിടുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് ആരോപണമുണ്ടായിരുന്നു.ശക്തമായ സുരക്ഷാവേലി ഒരുക്കണം. വനം വകുപ്പിന്റെ നിസ്സംഗത അപകട സാധ്യതയൊരുക്കുന്നു.ഈ ആപത്തിൽ നിന്ന് രക്ഷപ്പെടാൻ തദ്ദേശീയരും സഹകരിക്കണമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി. തഹസിൽദാർ നസീർ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ, ഡോ.ബോബിമാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തകുമാരി, വി.കെ ഷൈജു, എ.എസ്.ഐ കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.