കൊച്ചി: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന മുതിർന്ന നേതാവ് കെ.വി. തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ഉപേക്ഷിച്ചു.
പാർട്ടി വിടുമെന്ന പുകമറ സൃഷ്ടിച്ച തോമസ് തന്നെ അതുനീക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. മുതിർന്ന നേതാവ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവർക്കും ഇതേ അഭിപ്രായമാണ്. തോമസിന് ഏറെ അടുപ്പമുള്ള ഉമ്മൻ ചാണ്ടിയും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച തനിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റ് നൽകണമെന്നാണ് തോമസിന്റെ ആവശ്യം. ഇതാണ് പല നേതാക്കളും വിഷയത്തിൽ ഇടപെടാൻ മടിക്കുന്നതിന്റെ കാരണവും.
നിലപാട് വ്യക്തമാക്കാൻ ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വലിയ പ്രഖ്യാപനമൊന്നും നടത്തില്ലെന്നും പാർട്ടി വിടാൻ അദ്ദേഹം തയാറാകില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഗമനം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോൺഗ്രസ് സീറ്റ് പ്രഖ്യാപനം വരെ തോമസ് കരുതലോടെ നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ തോമസ് ഇതുവരെ മനസു തുറന്നിട്ടില്ല.
എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതു മുതൽ തോമസ് നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതൃപ്തി പരിഹരിക്കാൻ യുഡിഎഫ് കൺവീനർ സ്ഥാനവും കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനവും ഒക്കെ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടന്നില്ല.
ഒടുവില്‍ പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെയും ചാനലായ ജയ്ഹിന്ദിന്റെയും ചുമതല നല്‍കിയെങ്കിലും തോമസ് സ്വീകരിക്കാൻ തയാറായില്ല.
അടുത്തിടെ കുമ്പളങ്ങിയില്‍ നിന്നുള്ള ഒരു നിവേദക സംഘത്തിനൊപ്പം ക്ലിഫ് ഹൗസിലെത്തിയ തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതോടെയാണ് അദ്ദേഹം ഇടത്തേയ്ക്ക് എന്ന വാർത്തകൾ പ്രചരിച്ചത്. എറണാകുളം, വൈപ്പിൻ എന്നീ മണ്ഡലങ്ങളിൽ ഒന്നിൽ നിന്ന് തോമസ് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പ്രചരണം.