സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുതിർന്ന കോണ്ഗ്രസ് നേതാവ് കെ.വി. തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഹൈക്കമാൻഡ് പ്രതിനിധികളുമായി നടത്തിയ അനുനയ ശ്രമം വിജയിച്ചു. കെ.വി. തോമസിനു പാർട്ടിയിൽ ഉചിതമായ പദവി നൽകാനാണു ധാരണ.
വൈകാതെ കെ.വി. തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡന്റായി പ്രഖ്യാപിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീടു തീരുമാനിക്കും.
കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം സംസ്ഥാനത്തെത്തിയ ഹൈക്കമാൻഡ് പ്രതിനിധികളായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്.
പാർട്ടിയിലെ ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഭാഗമായി, മുതിർന്ന നേതാവെന്ന നിലയിൽ നേരിടുന്ന കടുത്ത അവഗണന കെ.വി. തോമസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തി. ഇക്കാര്യം സോണിയ ഗാന്ധിയുമായും അദ്ദേഹം പങ്കുവച്ചിരുന്നു.
ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് സംസ്ഥാന കോണ്ഗ്രസിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന വിവരവും അദ്ദേഹം കോണ്ഗ്രസ് അധ്യക്ഷയെ ഫോണിലും ഹൈക്കമാൻഡ് പ്രതിനിധികളെ ഒറ്റയ്ക്കു കണ്ടപ്പോഴും അറിയിച്ചു.
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം തോമസിനെ ഫോണിൽ വിളിച്ചതോടെയാണ് മഞ്ഞുരുകിയത്. തനിക്കെതിരേ സമൂഹമാധ്യമങ്ങളിലുൾപ്പെടെ അപവാദപ്രചാരണങ്ങൾ നടക്കുന്നതായും സ്വന്തം തട്ടകമായ എറണാകുളത്തു പോലും പാർട്ടി കാര്യങ്ങളിൽ സഹകരിപ്പിക്കാറില്ലെന്നും ഗെഹ്ലോട്ടുമായി ഒറ്റയ്ക്കു നടത്തിയ ചർച്ചയിൽ തോമസ് അറിയിച്ചു.
അതേസമയം, പാർട്ടി വിടുമെന്ന പ്രചാരണം മാധ്യമങ്ങളിലുണ്ടായിട്ടും എന്തുകൊണ്ട് നിഷേധിച്ചില്ലെന്ന സോണിയ ഗാന്ധിയുടെ ചോദ്യത്തിന്, ഇങ്ങനെ ആരോടും താൻ പറഞ്ഞിട്ടില്ലെന്നും അതിനാലാണ് നിഷേധിക്കാതിരുന്നതെന്നും കെ.വി. തോമസ് പറഞ്ഞു.