ജോണ്സണ് വേങ്ങത്തടം
കൊച്ചി: ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ.വി. തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധി സംഘത്തെ കാണുന്നതിനായാണ് യാത്ര.
സോണിയാഗാന്ധിയുടെ വിളി വന്നതിനു പിന്നാലെയാണ് ഇന്നു രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം വരെ മാറ്റിവച്ചു പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തേക്കു തിരിച്ചിരിക്കുന്നത്. സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
സോണിയാഗാന്ധി വിളിച്ചില്ലായിരുന്നെങ്കില്‍ പത്രസമ്മേളനം നടത്തുമെന്നു തന്നെയായിരുന്നു കെ.വി. തോമസിന്റെ തീരുമാനം.
കോണ്‍ഗ്രസ് പാര്‍ട്ടിയെ വിടുമെന്നതെല്ലാം സൈബര്‍ സംഘത്തിന്റെ വാര്‍ത്തകളാണെന്നാണ് കെ.വി. തോമസിന്റെ പ്രതികരണം. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിവിടുമെന്നു പറഞ്ഞിട്ടില്ല. ഇതെല്ലാം ചില സൈബര്‍സംഘങ്ങളും ഗ്രൂപ്പുകളും ചേര്‍ന്നുണ്ടാക്കി വാര്‍ത്തകളും പ്രചാരണങ്ങളുമാണ്. അന്നും എന്നും എനിക്ക് എന്റെ അഭിപ്രായമുണ്ട്.
അതും തുറന്നു പറയാന്‍ യാതൊരു മടിയുമില്ല. പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെല്ലാം പുറത്തേക്കു പോകാനല്ലെന്നും അദേഹം കൂട്ടിച്ചേര്‍ക്കുന്നു. പാര്‍ട്ടിയിലെ ചില പ്രശ്നങ്ങളുണ്ട്. ഒന്ന് ഗ്രൂപ്പ് കളിയാണ്. ഗ്രൂപ്പില്ലാത്തവര്ക്കു പാര്‍ട്ടിയില്‍ വളരാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്.
കൊച്ചി കോര്പറേഷന് പാര്‍ട്ടിക്കു നഷ്ടപ്പെട്ടതെങ്ങനെയാണ്. ഗ്രൂപ്പുകളിമാത്രമാണ് കാരണം. ഇതിനെല്ലാം ഒരവസാനം ഉണ്ടാകണം. ഇതു കൂടാതെ എന്റെ വ്യക്തിപരമായ കാര്യങ്ങളുണ്ട്. 2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായിരുന്ന എനിക്കു മാത്രം സീറ്റ് നിഷേധിച്ചു.
ഇതെല്ലാം വിവേചനമാണെങ്കില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇതെല്ലാം വ്യക്തമായ അറിയിക്കും. ഇതൊന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കു പോകാനുള്ള തീരുമാനമല്ല. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഇനിയെങ്കിലും ചര്‍ച്ച ചെയ്തു പരിഹരിക്കണം.
പിന്നെ എനിക്കു സിപിഎം നേതാക്കളുമായി വ്യക്തിപരമായി ബന്ധമുണ്ട്. നാടിന്റെ ആവശ്യത്തിനു മുഖ്യമന്ത്രിയെ കണ്ടതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചു. ഡല്‍ഹിയിലെ സിപിഎം നേതാക്കളുമായിനല്ല ബന്ധമാണ്.
യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടില്‍ വന്നു താമസിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനെയെല്ലാം സൈബര്‍സംഘങ്ങള്‍ വാര്‍ത്തകളായി നിറം പിടിപ്പിച്ചു. പ്രധാനമന്ത്രിയുമായി എനിക്കു നല്ല ബന്ധമുണ്ട്.
ഞാന്‍ വിളിക്കാറുണ്ട്. വ്യക്തിബന്ധത്തിനു അതിന്റെ അര്‍ഥം മാത്രം നല്കിയാല് മതിയെന്നും അദേഹം വ്യക്തമാക്കി. ഇന്നത്തെ തിരുവനന്തപുരത്തെ ചര്‍ച്ചയ്ക്കു ശേഷം ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കാനാണ് അദേഹത്തിന്റെ തീരുമാനം.
കെ.വി. തോമസ് ഇടതുമുന്നണിയിലേക്ക് അടുക്കുകയാണെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അദേഹം ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു പ്രചാരണം.
നിലപാട് വ്യക്തമാക്കാന്‍ ഇന്ന് അദേഹം പത്രസമ്മേളനം വിളിക്കുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദേഹം പത്രസമ്മേളനം റദ്ദാക്കി.
പാർട്ടി വിടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല: കെ.വി തോമസ്
തിരുവനന്തപുരം: പാർട്ടി വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചരണം നടന്നു.
പാർട്ടി വിടുമെന്ന വിധത്തിലായിരുന്നു പ്രചരണം. പാർട്ടി വിടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഇത്തരം പ്രചരണങ്ങൾ തന്നെ വളരെയേറെ വേദനിപ്പിച്ചു. ഇക്കാര്യങ്ങൾ ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ആരംഭിച്ചു.