ജോണ്സണ് വേങ്ങത്തടം
കൊച്ചി: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻമന്ത്രിയുമായ പ്രഫ. കെ.വി. തോമസ് യുഡിഎഫ് പാളയം വിടുന്ന ഘട്ടത്തിൽ. കടുത്ത തീരുമാനം ശനിയാഴ്ച പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്നു പ്രഫ. കെ.വി. തോമസ് രാഷ്ട്രദീപികയോടു പറഞ്ഞു.
പാർട്ടിയിൽ ലഭിക്കേണ്ട പരിഗണന ലഭിച്ചില്ല. സിറ്റിംഗ് എംപിയായിട്ടു പോലും പാർലമെന്റ് മത്സരത്തിൽ സീറ്റ് നിഷേധിച്ചതു എന്തിന്റെ പേരിലാണെന്നു മാത്രം മനസിലാകുന്നില്ല.
പാർട്ടിയിൽ എല്ലാം ഗ്രൂപ്പാണ്. ഗ്രൂപ്പില്ലാത്തതിന്റെ പേരിൽ മാത്രമാണ് പാർട്ടിയിൽ ഒതുക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കോണ്ഗ്രസ് പാർട്ടിയെ സ്നേഹിക്കുന്നതുആത്മാർഥമായിട്ടാണ്.
എന്നാൽ പാർട്ടിയിൽ നിർത്തില്ലെന്നു ചിലർ വാശി പിടിച്ചാൽ എന്ത് ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഏതായാലും ഇപ്പോൾ ഒന്നുംപറയുന്നില്ല, എല്ലാം ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രണ്ടാഴ്ച മുന്പ് കോണ്ഗ്രസിലെ സീനിയർ നേതാക്കളെ കണ്ടു ഇതു സംബന്ധിച്ചു സംസാരിച്ചു. അദേഹം തന്റെ തീരുമാനം അറിയിച്ചിരുന്നു. ഒരു തീരുമാനം പ്രഖ്യാപിച്ചതിനുശേഷം കുറ്റംപറയരുതെന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.
കെ.വി. തോമസ് പാർട്ടിയിൽ നിന്നാലും സീറ്റ് നിഷേധിക്കാൻ സംഘടിതമായി ശ്രമിക്കുന്നുണ്ടെന്നാണ് അദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. കെ.വി. തോമസ് വന്നാൽ സ്വീകരിക്കാൻ ഇടതുപക്ഷം ഇരുകൈയും നീട്ടിയിരിക്കുകയാണ്.
അദ്ദേഹം എറണാകുളത്തോ വൈപ്പിനിലോ മത്സരിക്കുന്നതിനുള്ള സാധ്യതകളും തെളിയുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് നിഷേധിച്ചപ്പോൾ കെ.വി. തോമസ് എഐസിസി അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് പരാതിപറഞ്ഞിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ഉചിതമായ സ്ഥാനംകിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിചാരിച്ച സ്ഥാനങ്ങളൊന്നും കിട്ടിയില്ല. പാർട്ടിപത്രത്തിന്റെയും ചാനലിന്റെയും എംഡി സ്ഥാനമാണ് അദ്ദേഹത്തിനു നൽകിയത്.
ഗ്രൂപ്പുകളുടെ ഒതുക്കലുകൾക്ക് വഴങ്ങിക്കൊടുക്കാൻ തോമസും തയാറല്ല. അവസാനഘട്ടംവരെ ശ്രമിച്ചശേഷം ആവശ്യമെങ്കിൽ കടുത്ത നിലപാടിലേക്ക് പോകാമെന്ന നിലപാടിലാണ് അദ്ദേഹം.
ഇടതുപക്ഷത്തേക്ക് പോകുന്നതിന് കെ.വി. തോമസിനുമുന്നിൽ വിലങ്ങുതടികളൊന്നുമില്ല. സിപിഎം നേതൃത്വവുമായി നല്ലബന്ധം നേരത്തേതന്നെ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
ഒരുവർഷംമുന്പ് അദ്ദേഹം സിപിഎം അഖിലേന്ത്യസെക്രട്ടറി സീതാറാം യെച്ചൂരിയെയും പിബിഅംഗം എം.എ. ബേബിയെയും വസതിയിലേക്ക് ക്ഷണിച്ച് ഒരു ദിവസം താമസിപ്പിക്കുകവരെ ചെയ്തിരുന്നു.
ഡൽഹിയിൽ വലിയ ചർച്ചയായ സംഭവത്തിനുശേഷം തോമസിന്റെ നീക്കങ്ങൾ ഹൈക്കമാൻഡ് ശ്രദ്ധിച്ചുവരുകയാണ്. അദ്ദേഹം ആവശ്യപ്പെടുന്ന സീറ്റ് നൽകുമെന്നാണ് ഇടതുപക്ഷ നേതാക്കൾ വ്യക്തമാക്കുന്നത്.
എ.കെ. ആന്റണി മന്ത്രിസഭയിൽ 2001 മുതൽ 2004വരെ മന്ത്രിയായിരുന്ന കെ.വി. തോമസ് മൻമോഹൻ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു.
എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ.വി. തോമസ് പാർട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ പാർട്ടി മാനദണ്ഡമുണ്ടെങ്കിൽ അത് എല്ലാപേർക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാൻ മാനദണ്ഡം കൊണ്ടുവരരുതെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടിരുന്നു.
ഇടതുപക്ഷത്തേക്ക് പോകുമെന്ന തോമസിന്റെ വിലപേശൽ അംഗീകരിക്കേണ്ടെന്നാണ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെയും കോണ്ഗ്രസ് നേതാക്കളുടെയും തീരുമാനമെന്നറിയുന്നു.
ഇതു വരെ അദ്ദേഹവുമായി ചർച്ച നടത്താൻ ആരും തയാറായിട്ടില്ല. ഇത്രയേറെ വാർത്തകൾ വന്നിട്ടും ആരും ഇതിനായി രംഗത്തു വന്നിട്ടുമില്ല.
പന്ത് ഇപ്പോൾ കെ.വി. തോമസിന്റെ കൈയിലാണ്. അദേഹം ഇടതുവശത്തേക്ക് ചാഞ്ഞാൽ എറണാകുളം മണ്ഡലത്തിലെ ഇടതുസ്വതന്ത്രസ്ഥാനാർഥിയായി മത്സരരംഗത്തുണ്ടാവും.
ഇടത് തുടർഭരണത്തിനുള്ള സാധ്യതകൾ പ്രവചിക്കപ്പെടുന്ന കാലത്ത്, തോമസിന് അത് രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന് കരുതുന്നവരുമുണ്ട്.
മാഷിനെ അങ്ങനെ പറഞ്ഞുവിടാൻ പറ്റുമോ? കെപിസിസി പ്രസിഡന്റ്
കൊച്ചി: പ്രഫ. കെ.വി. തോമസുമായി ബന്ധപ്പെട്ടു ഉയരുന്ന വാർത്തകളിൽ സങ്കടമുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. ഇതുമായി ബന്ധപ്പെട്ടു രാഷ്ട്രദീപികയോടു സംസാരിക്കുകയായിരുന്നു അദേഹം.
മാഷുമായി വളരെ കാലമായിട്ടുള്ള ബന്ധമാണുള്ളത്. ദിവസവും വിളിക്കുമായിരുന്നു. അത്രമാത്രം സ്നേഹബന്ധം മാഷുമായിട്ടുണ്ട്.
ഈ വാർത്തകൾ വന്നതിനുശേഷം വിളിച്ചിട്ടില്ല. അദേഹത്തിന്റെ ഭാഗത്തുനിന്നും കോണ്ഗ്രസിനെ മറന്നുള്ള തീരുമാനമൊന്നുമുണ്ടാകില്ല. അദേഹത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.