പത്തനാപുരം : കോടികൾ ചിലവഴിച്ച റോഡ് നവീകരണത്തിനും ടാറിംഗിനും പിന്നാലെ ജല അതോറിട്ടിയുടെ കുഴിയെടുപ്പ് ലക്ഷങ്ങളുടെ നഷ്ടം വരുത്തുന്നു. പത്തനാപുരം- കുന്നിക്കോട് ശബരി പാത, പഞ്ചായത്ത് പടി – ആലവിള എന്നീ റോഡുകളാണ് പൈപ് ലൈൻ മാറ്റലിന്റെ പേരിൽ ജെ സി ബി ഉപയോഗിച്ച് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്.
രണ്ട് റോഡുകളും നവീകരണം നടത്തി ടാറിംഗ് ചെയ്തിട്ട് അധിക നാളുകൾ ആകുന്നില്ല. ഏറെ നാൾ തകർന്ന് കിടന്ന കുന്നിക്കോട് പത്തനാപുരം റോഡ് ജനരോഷത്തെ തുടർന്ന് ആധുനിക രീതിയിൽ ടാറിംഗ് നടത്തിയത് അടുത്ത കാലത്താണ്.
തമിഴ്നാട്, തിരുവനന്തപുരം മേഖലയിൽ നിന്നുള്ള ശബരിമല തീർഥാടകർ കൂടുതലായി കടന്നുപോകുന്ന പാത ശബരീ ബൈപാസാക്കിയാണ് നവീകരണം നടത്തിയത്. ശബരി പാത മീറ്ററുകളോളം വെട്ടിപൊളിച്ചിട്ടുണ്ട്.
പൊളിക്കുന്ന ടാറിംഗ് മണ്ണിട്ട് നികത്തുക മാത്രമാണ് പതിവ്. മണ്ണ് നികത്തിയ ഭാഗം മഴ പെയ്യുന്നതോടെ വലിയ കുഴികളായി മാറി വെള്ളം കെട്ടി നിന്ന് അപകടം വരുത്തുന്നതും വലിയ വാഹനങ്ങൾ ഇത്തരം കുഴിയിൽ അകപ്പെടുന്നതും പതിവാണ്.
നവീകരിക്കുന്ന റോഡുകൾ വെട്ടിപൊളിക്കരുതെന്ന് ജല അതോറിട്ടി, ടെലിഫോൺ എന്നീ വകുപ്പുകൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി കൾശന നിർദേശവും നൽകിയിട്ടുള്ളതാണ്. റോഡ് കുത്തിപ്പൊളിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും പറഞ്ഞിരുന്നെങ്കിലും മിക്കപ്പോഴും നിയമം പാലിക്കപ്പെടുന്നില്ലന്നും ആക്ഷേപമുണ്ട്.
പഞ്ചായത്ത് ജംഗ്ഷൻ, മൂലക്കട, ബാവാ സാഹിബ് കോളനി, ആലവിള എന്നിവിടങ്ങളിലേക്ക് ജല വിതരണത്തിനായുള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനാണ് ഇപ്പോൾ നടക്കുന്ന കുഴിയെടുപ്പ്.
എന്നാൽ ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കാനിരിക്കുകയാണെന്നും അതിന് മുൻപായി കുടിവെള്ള കണക്ഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് നിർദേശം നൽകിയതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള ശബരീപാതയിൽ റോഡ് വെട്ടിപ്പൊളിച്ച ഭാഗം നിരപ്പാക്കി ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.