ന്യൂഡൽഹി: പ്രീപെയ്ഡ് വാലറ്റ് ഉപയോക്താക്കൾക്ക് കെവൈസി (നോ യുവർ കസ്റ്റമർ) നിബന്ധനകൾ പാലിക്കാനുള്ള അവസാന തീയതി ഇന്ന്. പ്രീപെയ്ഡ് വാലറ്റുകൾ ഉപയോക്താവിന്റെ ഏതെങ്കിലും തിരിച്ചറിയൽ രേഖ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും. സമയം നീട്ടിനല്കണമെന്നുള്ള ആവശ്യം ആർബിഐ നിരാകരിച്ചു. ഇതുവരെ ആവശ്യത്തിനു സമയം നല്കി. ഇനി നീട്ടിനല്കേണ്ട കാര്യമില്ലെന്നാണ് ആർബിഐയുടെ നിലപാട്.
ബാങ്കുകൾ പ്രൊമോട്ട് ചെയ്യുന്ന 50 വാലറ്റുകൾക്കു പുറമേ രാജ്യത്ത് 55 ബാങ്ക് ഇതര പ്രീപെയ്ഡ് പേമെന്റ് സംവിധാനങ്ങൾ (പിപിഐ) പ്രവർത്തിക്കുന്നുണ്ട്. ഇടപാടുകാരുടെ കെവൈസി വിവരങ്ങൾ ശേഖരിക്കാൻ 2017 ഡിസംബർ 31 വരെയാണ് സമയം നല്കിയിരുന്നതെങ്കിലും ചില വാലറ്റുകളുടെ സമ്മർദത്തെത്തുടർന്ന് ഫെബ്രുവരി 28 വരെ നീട്ടുകയായിരുന്നു.
കെവൈസി വിവരങ്ങൾ നല്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമെങ്കിലും ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബി.പി. കനുംഗോ പറഞ്ഞു. ഉപയോക്താക്കൾക്ക് അവരുടെ പണം നഷ്ടപ്പെടില്ല. പേടിഎം, ഒല മണി, ഗൂഗിൾ ടെസ്, സൊഡെക്സോ, മൊബി ക്വിക്ക്, ആമസോൺ പേ തുടങ്ങി രാജ്യത്തെ ഏതെങ്കിലും പേമെന്റ് ആപ് ഉപയോഗിക്കുന്നവർ കെവൈസി നല്കിയിട്ടുണ്ടെങ്കിൽ ഈ വാലറ്റുകൾ ഉപയോഗിക്കുന്നതിൽ തടസം നേരിടില്ല.
എന്നാൽ, പ്രീപെയ്ഡ് വാലറ്റുകളിൽ പണം സൂക്ഷിക്കുകയും കെവൈസി വിവരങ്ങൾ നല്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ വാലറ്റിനുള്ളിലെ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റപ്പെടും. ഒപ്പം വാലറ്റ് ഉപയോഗിക്കാൻ കഴിയാതാകുകയും ചെയ്യും. പാൻ കാർഡ്, വോട്ടർ ഐഡി, ആധാർ നന്പർ എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം.