ന്യൂയോർക്ക്: സെലിബ്രിറ്റി കിം കാർദാഷിയാന്റെ അർധസഹോദരിയും ടെലിവിഷൻ റിയാലിറ്റി താരവുമായ കൈലി ജന്നർ ഒറ്റ ട്വീറ്റുകൊണ്ട് ഓഹരിവിപണിയിൽനിന്ന് അപ്രത്യക്ഷമാക്കിയത് 130 കോടി ഡോളർ.
മെസേജ് ആപ് ആയ സ്നാപ് ചാറ്റ് ഞാനിപ്പോൾ ഉപയോഗിക്കാറില്ലെന്നായിരുന്നു ട്വീറ്റ്. ഇതിനു പിന്നാലെ സ്നാപ് ചാറ്റിന്റെ ഓഹരികൾക്കു വിലയിടിയുകയായിരുന്നു.
അടുത്തയിടെ അവതരിപ്പിച്ച സ്നാപ്ചാറ്റിന്റെ പുതിയ ഡിസൈൻ ഉപയോക്താക്കൾക്കു തീരെ പിടിച്ചിട്ടില്ല. ഇതു മാറ്റണമെന്നു പത്തു ലക്ഷം പേർ ആവശ്യപ്പെട്ടു. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിൽനിന്നും കനത്ത മത്സരം സ്നാപ്ചാറ്റ് നേരിടുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങൾക്കിടെ ജന്നർ നടത്തിയ ട്വീറ്റ് ഓഹരിവിപണിയിലെ നിക്ഷേപകരിൽ ആശങ്ക വിതച്ചുവെന്നാണ് അനുമാനം. ട്വിറ്ററിൽ 2.5 കോടി ഫോളോവേഴ്സ് ജന്നറിനുണ്ട്.