തിരുവനന്തപുരം: മധ്യ-കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കാറ്റ് അതിശക്തമായി. മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണു നീങ്ങുന്നത്.
അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ചു അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി അടുത്ത അഞ്ചു ദിവസം സഞ്ചരിക്കുമെന്നുമാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്തും തീരത്തോട് ചേർന്ന കടൽ മേഖലയിലും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു. ക്യാർ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതുകൊണ്ട് മൽസ്യത്തൊഴിലാളികൾ പ്രക്ഷുബ്ധമായ കടൽ മേഖലകളിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.