കൊച്ചി: നട്ടെല്ലിനെ ബാധിക്കുന്ന അപൂർവരോഗത്തിന്റെ പിടിയിലമർന്നു ജീവിതം വീൽചെയറിലേക്കു മാറിയ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സയുടെയും നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ രോഗമുക്തി. അതിജീവനത്തിന്റെ കടന്പകൾ കടന്ന കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജ് ഇനി ഡോക്ടറാകുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ജീവിതത്തിന്റെ പുതിയ അധ്യായം തുറന്നു.
ജന്മനാ കൈഫോസ്കോളിയോസിസ് (നട്ടെല്ല് വളയുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന രോഗം) ബാധിച്ച ഷെറിന്റെ നട്ടെല്ലിൽ അസാധാരണമായ വളവുണ്ടായിരുന്നു. തൊറാസിക് സ്പൈനിന്റെ കശേരുക്കൾ പൂർണമായി രൂപപ്പെടാതിരുന്നതിനാൽ വളരുന്തോറും നട്ടെല്ലിന്റെ വളർച്ചയെ തടസപ്പെടുത്തി.
അത് സുഷുമ്നാനാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഇരുകാലുകൾക്കും തളർച്ചകൂടി ആയതോടെ കൗമാരത്തുടക്കത്തിലേ വീൽചെയറിലേക്ക് മാറേണ്ടിവന്നു. അഞ്ചാംക്ലാസ് വരെ സ്കൂളിൽ കലയിലും കായികരംഗത്തും സജീവമായിരുന്ന ഷെറിനെ രോഗം വല്ലാതെ തളർത്തി.
പല ആശുപത്രികളിൽ ചികിത്സ തേടിയ ഷെറിൻ 13-ാം വയസിലാണ് കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ എത്തുന്നത്. 2017 ജൂലൈയിൽ നട്ടെല്ല് ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പുതിയ ചികിത്സ ആരംഭിച്ചു. സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അസ്ഥി നീക്കം ചെയ്യുന്നതിനോടൊപ്പം വളവ് നിവർത്തുന്ന സങ്കീർണമായ കൈഫോസ്കോളിയോസിസ് കറക്ടീവ് ശസ്ത്രക്രിയയും വിജയകരമായി നടത്തി.
ഏതാനും ആഴ്ചകളിലെ വിശ്രമത്തിനും പരിചരണത്തിനുംശേഷം ശാരീരിക ബുദ്ധിമുട്ടുകൾ നീങ്ങി. സ്വപ്നം കണ്ടതുപോലെ തൃശൂർ മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം ആരംഭിച്ചു. ശസ്ത്രക്രിയ തനിക്കു വീണ്ടും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം നൽകിയെന്നും ഡോ. കൃഷ്ണകുമാർ തന്റെ ചികിത്സയിൽ സഹായമായതുപോലെ മറ്റുള്ളവരെ തനിക്കും സഹായിക്കണമെന്നും ഷെറിൻ പറഞ്ഞു.
ലേക്ഷോർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഷെറിന് ഡോ. ആർ. കൃഷ്ണകുമാർ സ്റ്റെതസ്കോപ്പ് സമ്മാനമായി നൽകി. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.