ഉയരക്കുറവുണ്ടെന്ന കാരണത്താല്‍ കളിയാക്കലുകള്‍ ഏറ്റുവാങ്ങി ഹൃദയം വിങ്ങിയ ഒന്‍പത് വയസുകാരന് പിന്തുണയുമായി താരങ്ങൾ.
ഉയരമില്ലെന്ന കാരണത്താല്‍ സ്കൂളില്‍ സഹപാഠികള്‍ അപമാനിക്കുന്നുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് സങ്കടം പറയുന്ന ക്വാഡന് ബെയില്‍സിന്റെ ദൃശ്യങ്ങള്‍ തീമഴ പോലെയാണ് ഓരോരുത്തരുടെയും മനസിലേക്ക് കത്തിയിറങ്ങിയത്.
ഹോളിവുഡ് താരം ഹ്യൂ ജാക്ക്മാൻ, അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യംസ് കൂടാതെ ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ എന്നിവരെല്ലാം ക്വാഡന് പിന്തുണയുമായി രംഗത്തെത്തി. വിചാരിക്കുന്നതിനേക്കാള്‍ ശക്തനാണ് നീയെന്നാണ് ഹ്യൂ ജാക്ക്മാന് പറഞ്ഞത്.
250,000 യുഎസ് ഡോളറാണ് ക്വാഡന് വേണ്ടി ബ്രാഡ് വില്യംസ് സമാഹരിച്ചത്. എന്‍ആര്‍എല്‍ ഓള് സ്റ്റാര്‍സ് മാര്‍ച്ചില്‍ ടീമിനെ ഫീല്‍ഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ ക്ഷണിക്കുന്നതായും അവര്‍ അറിയിച്ചു.
“എന്നെയൊന്ന് കൊന്ന് തരുമോ?. ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയര്‍ തരൂ. ഞാന്‍ ജീവിതം അവസാനിപ്പിക്കാം’. എന്നാണ് ക്വാഡന് ഹൃദയം നൊന്ത് അമ്മയോട് പറഞ്ഞത്.
സഹപാഠികളുടെ നിരന്തരമായ കളിയാക്കലുകള്‍ സഹിക്ക വയ്യാതെയാണ് ബെയില്സ് ഇങ്ങനെ പറഞ്ഞത്. ബെയില്‍സിന്റെ അമ്മയാണ് ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.