മാഡ്രിഡ്: രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു എൽ ക്ലാസിക്കോയ്ക്ക് ഫുട്ബോൾ ലോകം ഇന്ന് സാക്ഷ്യംവഹിക്കും. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 1.15ന് റയൽ മാഡ്രിഡും ബാഴ്സലോണയും കൊന്പുകോർക്കും.
ബുധനാഴ്ച രാത്രി 1.15നു നടന്ന കോപ്പ ഡെൽ റേ രണ്ടാം പാദ സെമിയിൽ ബാഴ്സലോണ, മാഡ്രിഡിലെത്തി 3-0ന്റെ ജയം നേടിയിരുന്നു. രണ്ട് ദിവസത്തിനുശേഷം ബാഴ്സ വീണ്ടും റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിൽ എത്തുന്നു, ഈ സീസണിലെ അവസാന എൽ ക്ലാസിക്കോയ്ക്കായി.
2018-19 സീസണിൽ ഇതുവരെ മൂന്ന് എൽ ക്ലാസിക്കോ നടന്നു. അതിൽ രണ്ടെണ്ണം കോപ്പ ഡെൽ റേയിലായിരുന്നു. റയൽ മാഡ്രിന്റെ സന്പൂർണ പരാജയമാണ് ഇതുവരെ കണ്ടത്. ലീഗിൽ 25 മത്സരങ്ങൾ പൂർത്തിയായപ്പോൾ 57 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരന്നു. 48 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാമതാണ്.
ഫേസ്ബുക്ക് ലൈവ്
സ്പാനിഷ് ലാ ലിഗയിലെ പ്രധാന മത്സരങ്ങൾ ഇത്തവണ ഇന്ത്യയിൽ ടിവി സംപ്രേഷണം ഉണ്ടായില്ല. ഇന്നു നടക്കുന്ന റയൽ-ബാഴ്സ എൽ ക്ലാസിക്കോയും ടെലിവിഷനിൽ തത്സമയം ലൈവ് ഇല്ല. മത്സരം ഫേസ്ബുക്ക് വാച്ചിലൂടെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഫ്രീയായി കാണാമെന്ന് ലാ ലിഗ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ ഫേസ്ബുക്കുമായി ലാ ലിഗ ഉണ്ടാക്കിയ കരാർപ്രകാരമാണ് ഓണ് ലൈനായി തത്സമയം സംപ്രേഷണം നടക്കുന്നത്. അതുകൊണ്ടുതന്നെ ടിവിയിൽ ചില മത്സരങ്ങൾ തത്സമയമില്ല. കരാർപ്രകാരം മൂന്ന് സീസണുകളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈ നില തുടരും. ഫേസ്ബുക്കിൽ ഏറ്റവും അധികം പിന്തുടരപ്പെടുന്ന രണ്ട് ടീമുകളാണ് റയലും ബാഴ്സയും.
എൽ ക്ലാസിക്കോ 2018-19
ബാഴ്സലോണ -5, റയൽ മാഡ്രിഡ് -1
(ലാ ലിഗ)
ബാഴ്സലോണ -1, റയൽ മാഡ്രിഡ് -1
(കോപ്പ ഡെൽ റേ)
റയൽ മാഡ്രിഡ് -0, ബാഴ്സലോണ -3
(കോപ്പ ഡെൽ റേ)
റയൽ മാഡ്രിഡ് -?, ബാഴ്സലോണ -?
(ലാ ലിഗ)