ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞര്‍. കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോയുടെ തിരിച്ചുവരവും താപനില ഉയര്‍ത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ഉയര്‍ന്ന താപനിലയിലേക്കെത്തുമെന്നാണു കണക്കുകൂട്ടല്‍. എല്‍ നിനോ സമയത്ത്, ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറോട്ടു വീശുന്ന കാറ്റു മന്ദഗതിയിലാകും. കൂടാതെ ചൂടുവെള്ളം കിഴക്കോട്ടു തള്ളുകയും സമുദ്രോപരിതലത്തില്‍ താപനില സൃഷ്ടിക്കുകയും ചെയ്യും.
ആഗോളതലത്തില്‍ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്ന കാലാവസ്ഥാപ്രതിഭാസമാണ് എല്‍ നിനോ (El-nino). 2023-24ല്‍ സംഭവിക്കുമോ എന്നതു തീര്‍ച്ചപ്പെടുത്താറായിട്ടില്ല.
പക്ഷേ ഇതു സംഭവിക്കാന്‍ സാധ്യതയുണ്ടെന്നു കരുതുന്നതായും യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസ് ഡയറക്ടര്‍ കാര്‍ലോ ബ്യൂണ്ടെംപോ പറഞ്ഞു.
നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ വര്‍ഷാവസാനത്തോടെ ശക്തമായ എല്‍ നിനോ വികസിക്കാന്‍ സാധ്യതയുണ്ടെന്നു ബ്യൂണ്ടെംപോ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2016 ആയിരുന്നു. ശക്തമായ എല്‍ നിനോ പ്രതിഭാസമാണ് താപനില ഉയരാന്‍ കാരണമായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ചൂടുകൂടാനുള്ള കാരണവും ഇതുതന്നെയാണ്.
കഴിഞ്ഞ എട്ടു വര്‍ഷം ലോകത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായിരുന്നു. കടുത്ത ചൂട്, വരള്‍ച്ച, കാട്ടുതീ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇതിനകം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് എല്‍ നിനോ ആഘാതം കൂട്ടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
എല്‍ നിനോ വികസിച്ചാല്‍ 2016ല്‍ ലോകം നേരിട്ടതിനേക്കാള്‍ ഉയര്‍ന്ന താപനില ഈ വര്‍ഷം അനുഭവപ്പെടും. കഴിഞ്ഞവര്‍ഷം ലോകത്തു സംഭവിച്ച കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് 20നാണ് കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസിലെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്.
സമുദ്രാന്തരീക്ഷങ്ങൾക്കു സ്വതവേയുള്ള ബന്ധം മാറുന്നതുകൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ. കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള പ്രതിഭാസമാണ് എൽ നിനോ. പതിനഞ്ചു മാസത്തോളം ദുരിതം വിതയ്ക്കാൻ എൽ നിനോയ്ക്കു കഴിയും.