ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പിൻവലിക്കുംവരെ പ്രതിഷേധം തുടരുമെന്ന് ഡൽഹി മുൻ ലഫ്റ്റനൻറ് ഗവർണർ നജീബ് ജംഗ്. പ്രതിഷേധക്കാർ ജാഥയിൽ വിളിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മുദ്രാവാക്യം വർഗീയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതൊരു വികാരപരമായ മുദ്രാവാക്യമായിരുന്നു.
വർഗീയ മുദ്രാവാക്യമാണെന്ന് താൻ കരുതുന്നില്ല. സിഎഎ പ്രക്ഷോഭം മൂലം ഏറ്റവും വലിയ പുരോഗതി, വന്ദേമാതരം ആലപിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് മുസ്ലിംകൾ മനസിലാക്കുന്നു എന്നതാണ്- അദ്ദേഹം പറഞ്ഞു.
ഷഹീൻ ബാഗിൽ മുസ്ലിം സ്ത്രീകൾ നടത്തുന്ന സമാധാനപരമായ സമരത്തിന് തുല്ല്യമായ മറ്റൊരു സമരം ഈ നൂറ്റാണ്ടിൽ ലോകത്തെവിടെയും കാണാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു വർഷമായി ഇന്ത്യയിലെ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്.
ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആ അരക്ഷിതാവസ്ഥ രൂക്ഷമായിരിക്കുന്നു. ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രതിഛായ തകർന്നിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്ന രാജ്യങ്ങൾ പോലും അകന്നുപോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാമിയ മില്ലിയ കാമ്പസിലും ജെഎൻയു കാമ്പസിലും നടന്ന അക്രമങ്ങൾ അമ്പരപ്പിക്കുന്നതാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നവെന്നും ജാമിഅ മില്ലിയയിലെ മുൻ വൈസ് ചാൻസലർ കൂടിയായ അദ്ദേഹം പറഞ്ഞു.