ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ രണ്ടാം എൽക്ലാസിക്കോയിലും ബാഴ്സലോണ തോറ്റില്ല, റയൽ ജയിച്ചുമില്ല. രണ്ടാം പകുതിയിൽ പത്തു പേരായി ചുരുങ്ങിയിട്ടും ബാഴ്സലോണയെ 2-2നു സമനിലയിൽ പിടിക്കാനേ റയലിനു സാധിച്ചുള്ളൂ. ലീഗിൽ അടുത്ത മൂന്നു മത്സരങ്ങളിൽകൂടി പരാജയപ്പെടാതിരുന്നാൽ ആധുനിക ലാ ലിഗ ഫുട്ബോൾ ചരിത്രത്തിൽ തോൽവിയറിയാതെ കിരീടം നേടിയ ടീമെന്ന ഖ്യാതി ബാഴ്സലോണ സ്വന്തമാക്കും.
1931-32 സീസണിൽ 18 മത്സരങ്ങളുള്ളപ്പോൾ റയൽ മാഡ്രിഡ് തോൽവിയറിയാതെ കിരീടം നേടിയിരുന്നു. ബാഴ്സലോണയ്ക്കുവേണ്ടി ലൂയി സുവാരസ് (10-ാം മിനിറ്റ്), ലയണൽ മെസി (52-ാം മിനിറ്റ്) എന്നിവരും റയലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ (14-ാം മിനിറ്റ്), ഗാരത് ബെയ്ൽ (72-ാം മിനിറ്റ്) എന്നിവരും ഗോൾ നേടി.
എല്ലാ എൽ ക്ലാസിക്കോ മത്സരങ്ങൾ പോലെ ഇത്തവണയും വാഗ്വാദങ്ങളും കയ്യങ്കളിയും നിറഞ്ഞു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റയൽ പ്രതിരോധതാരം മാഴ്സലോയെ തല്ലിയതിന് സെർജി റോബർട്ടോയ്ക്ക് നേരിട്ടു ചുവപ്പുകാർഡ് ലഭിച്ചു.
എന്നാൽ, രണ്ടാം പകുതിയിൽ പത്തുപേരുമായി പോരാടി ബാഴ്സലോണ സമനില പിടിച്ചു. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ കാൽക്കുഴയ്ക്കു പരിക്കേറ്റതിനാൽ റൊണാൾഡോയെ റയലിനു പിൻവലിക്കേണ്ടിയും വന്നു. 2-1ന് മുന്നിലെത്തിയ ബാഴ്സലോണയ്ക്ക് ഗാരത് ബെയ്ലിന്റെ ഗോളാണ് വിജയം നിഷേധിച്ചത്.
ബാഴ്സലോണ നേരത്തേതന്നെ കിരീടം നേടുകയും റയൽ മാഡ്രിഡ് ചാന്പ്യൻസ് ലീഗ് ഫൈനലിനുള്ള തയാറെടുപ്പിലുമായിരുന്നതിനാൽ എൽക്ലാസിക്കോയ്ക്ക് സാധാരണപോലുണ്ടായിരുന്ന ഹൈപ്പ് ഇല്ലായിരുന്നു. എന്നാൽ, കളത്തിലെ 90 മിനിറ്റും ആവേശകരമായിരുന്നു.
പത്താം മിനിറ്റിൽ സെർജി റോബർട്ടോയുടെ ക്രോസിൽനിന്നാണ് സുവാരസ് ഗോൾ നേടിയത്. ഈ ലീഡിന് നാലു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കരീം ബെൻസെമയുടെ ഹെഡർ പാസിൽനിന്ന് റൊണാൾഡോ റയലിനെ ഒപ്പമെത്തിച്ചു. ഈ ഗോളിലൂടെ റൊണാൾഡോ എൽക്ലാസിക്കോയിൽ റയലിന്റെ ടോപ് സ്കോററായ ഇതിഹാസം താരം ആൽഫ്രഡോ ഡി സ്റ്റെഫാനോയുടെ 18 ഗോളിനൊപ്പമെത്തി. രണ്ടാം പകുതിയിൽ റയൽ ആക്രമിച്ചു കളിച്ചു.
എന്നാൽ, കളിയുടെ ഒഴുക്കിനു വിപരീതമായി മെസി ബാഴ്സലോണയ്ക്കു ലീഡ് നൽകി. മെസിയുടെ 25-ാമത്തെ എൽ ക്ലാസിക്കോ ഗോളാണ്. ഈ ലാ ലിഗ സീസണിൽ 33 ഗോളുമായി മെസിയാണ് മുന്നിൽ. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ റയൽ മറുപടി നൽകി. മാർകോ അസെൻസിയോയുടെ പാസിൽനിന്ന് ബെയ്ലിന്റെ സുന്ദരമായ ഷോട്ട് ബാഴ്സയുടെ വല തുളച്ചു.
കഴിഞ്ഞ നാലു ലീഗ് മത്സരങ്ങളിലും റയലിന് ബാഴ്സലോണയെ പരാജയപ്പെടുത്താനായില്ല. വിജയഗോളിനായി ഇരുടീമും പൊരുതി. റയലിന് ഉറപ്പായ പെനാൽറ്റി റഫറി നിഷേധിച്ചു. മാഴ്സലോയെ ജോർഡി ആൽബ ഫൗൾ ചെയ്തെന്നു ടിവി റിപ്ലേകളിൽ വ്യക്തമായിരുന്നു. ജേതാക്കളായ ബാഴ്സലോണയ്ക്ക് റയൽ ഗാർഡ് ഓഫ് ഓണർ നൽകിയില്ല. ഈ സീസണിലെ 35 മത്സരങ്ങൾ ഉൾപ്പെടെ 42 ലീഗ് മത്സരങ്ങളിൽ ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല.
അവസാന എൽക്ലാസിക്കോ കളിച്ച ആന്ദ്രെ ഇനിയെസ്റ്റയെ രണ്ടാം പകുതിയിൽ പിൻവലിച്ചപ്പോൾ കാണികൾ ഒന്നടങ്കം നിന്നുകൊണ്ട് യാത്രയയപ്പു നൽകി. ഇനിയെസ്റ്റയുടെ 38-ാം എൽ ക്ലാസിക്കോയായിരുന്നു.