ബാഴ്സലോണ: ലാ ലിഗ ഫുട്ബോളിന്റെ ഈ സീസണിൽ അദ്ഭുത പ്രകടനം തുടർന്ന് ജിറോണ. നിലവിലെ ചാന്പ്യന്മാരായ ബാഴ്സലോണയെ അവരുടെ ഗ്രൗണ്ടിൽ തോൽപ്പിച്ച് ജിറോണ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ജിറോണ രണ്ടിനെതിരേ നാലു ഗോളിനാണു ബാഴ്സലോണയെ തകർത്തത്. ലീഗ് സീസണിൽ ബാഴ്സലോണയുടെ രണ്ടാം തോൽവിയാണ്.
16 കളിയിൽ 41 പോയിന്റുമായാണ് ജിറോണ ഒന്നാമതെത്തിയത്. ഇത്രതന്നെ മത്സരങ്ങളിൽ 39 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 34 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാമതും ഇത്രതന്നെ പോയിന്റുമായി ബാഴ്സ നാലാമതുമാണ്.
ആർടെം ഡൗബെക് (12’), മിഗ്വെൽ ഗ്യൂട്ടിറെസ് (40’), വലേരി ഫെർണാണ്ടസ് (80’), ക്രിസ്റ്റ്യൻ സ്റ്റുവാനി (90+5’) എന്നിവരാണു ജിറോണയ്ക്കായി വലകുലുക്കിയത്. റോബർട്ട് ലെവൻഡോവ്സ്കി (19’), ഇൽകി ഗുണ്ടോഗൻ (90+2) എന്നിവർ ബാഴ്സയ്ക്കായി ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് അൽമേരിയയെ തോൽപ്പിച്ചു. അൽവാരോ മൊറാട്ടയും എയ്ഞ്ചൽ കൊറേയയുമാണ് അത്ലറ്റിക്കോയ്ക്കായി ഗോൾ നേടിയത്.