ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ലാബ് ഏജന്റുമാർ വീണ്ടും സജീവം. വിവിധ പരിശോധനകൾക്ക് സാന്പിളുമായി ലാബിലേക്ക് പോകുന്ന രോഗിയുടെ കൂട്ടിരിപ്പുകാരെ കാൻവാസ് ചെയ്യാനായി നാലംഗ സംഘമാണ് ആശുപത്രി പരിസരത്ത് കറങ്ങുന്നത്. പ്രായമായവരാണെങ്കിൽ കുറിപ്പടിയും സാന്പിളും ബലമായി പിടിച്ചുവാങ്ങി ലാബിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നവർ വരെയുണ്ട് ഇക്കൂട്ടത്തിൽ.
യുവതിക്ക് കാൻസർ ബാധയെന്ന് സ്വകാര്യ ലാബിൽ നിന്നുള്ള തെറ്റായ റിപ്പോർട്ട് നല്കിയതിനെ തുടർന്നുള്ള ജനരോഷം ഭയന്ന കാൻവാസിംഗ് ഏജന്റുമാർ രണ്ടുദിവസം മാറി നിന്നെങ്കിലും വീണ്ടും ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്. ചാർജ് കുറവ്, വേഗം പരിശോധനാ ഫലം കിട്ടും എന്നൊക്കെ പറഞ്ഞാണ് ആളുകളെ വശീകരിക്കുന്നത്. മെഡിക്കൽ കോളജിലെ പൊടിപാറ ലാബിനു മുന്നിൽ നിന്നുവരെ ആളുകളെ കാൻവാസ് ചെയ്യുന്ന ഏജന്റുമാരുണ്ട്.
പത്തും പതിനഞ്ചും ഇരുപതും ശതമാനം തുകയാണ് കാൻവാസിംഗ് ഏജന്റുമാർക്ക് കമ്മീഷനായി ലഭിക്കുന്നത്. ചില രോഗങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ ലാബിനു പുറമേ സ്വകാര്യ ലാബിലേക്കും ഡോക്ടർമാർ കുറിപ്പു നല്കാറുണ്ട്. ഇത് രോഗ നിർണയത്തിന്റെ കൃത്യതയ്ക്കാണ്. അല്ലാതെ സ്വകാര്യ ലാബിനെ സഹായിക്കാനല്ല. എന്നാൽ ലാബ് ഏജന്റുമാർ ആശുപത്രി കോന്പൗണ്ടിൽ കയറി കാൻവാസ് ചെയ്യുന്ന നടപടി ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്.
ഏതാനും വർഷം മുൻപ് കാൻവാസിംഗ് ഏജന്റുമാരെ നിയന്ത്രിക്കാൻ ആശുപത്രി അധികൃതർ തയാറായെങ്കിലും അധികം ദിവസം നിലനിന്നില്ല. ചില ഡോക്ടർമാരും പ്രത്യേക സ്വകാര്യ ലാബിലേക്ക് മാത്രം പരിശോധനയ്ക്ക് കുറിപ്പ് നല്കുന്നുവെന്നാണ് പറയപ്പെടുന്നത്. ചില ജൂണിയർ ഡോക്ടർമാർ സ്ഥിരമായി കുറിച്ചു നല്കിയിരുന്നത് തെറ്റായ റിപ്പോർട്ട് നൽകിയ ലാബിലേക്കായിരുന്നുവെന്നും പറയുന്നു.
ലാബിൽ ഏതൊക്കെ തരത്തിലുള്ള പരിശോധനാ സംവിധാനം ഉണ്ടെന്നോ, ഇത് എവിടെയാണ് പരിശോധിക്കുന്നതെന്നോ കുറിച്ചു നല്കുന്ന ഡോക്ടർമാർക്കു പോലും അറിയില്ല എന്നതാണ് മറ്റൊരു കാര്യം. സ്വകാര്യ ലാബിിലേക്ക് ബയോപ്സിക്ക് നിർദ്ദേശിക്കുന്നതിന് അധികൃതർ നിരത്തുന്ന കാരണം മെഡിക്കൽ കോളജ് പതോളജി ലാബിൽ നിന്നും വിരമിച്ച ഒരു സീനിയർ ഡോക്ടറാണ് ഈ സ്വകാര്യ ലാബിന്റെ ബയോപ്സി ചീഫ് എന്നതാണ്.
എന്നാൽ ഈ ചീഫ് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുള്ള ഒന്നിൽ കൂടുതൽ സ്വകാര്യ ലാബിന്റെ ബയോപ്സി ചീഫ് ആണെന്നും പറയുന്നു. അതിനാൽ ഇദ്ദേഹം ഒപ്പുവയ്ക്കുന്ന പരിശോധനാ ഫലം നൂറ് ശതമാനവും ഡോക്ടർമാർ വിശ്വസിക്കുന്നു.
അങ്ങനെ വിശ്വസിച്ചതിന്റെ പേരിലാണ് മാവേലിക്കര പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര വീട്ടിൽ രജനിക്ക് കാൻസറിന് ചികിത്സ ആരംഭിച്ചത്. മെഡിക്കൽ കോളജ് പതോളജി ലാബിൽ നിന്നും ലഭിച്ച ബയോപ്സി റിപ്പോർട്ടിൽ ഇവർക്ക് കാൻസറില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കീമോതെറാപ്പിയുൾപ്പെടെയുള്ള ചികിത്സ നിർത്തിവയ്ക്കുകയും വീട്ടമ്മയുടെ മാറിടത്തിലെ മുഴ പിന്നീട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയുമായിരുന്നു.