മുക്കം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണങ്കിലും ലാബ് ടെസ്റ്റുകള്‍ക്ക് ഈടാക്കുന്നത് വന്‍ തുക. സര്‍ക്കാര്‍ ആശുപത്രിയില്‍ ലാബ് ടെസ്റ്റിന് സ്വകാര്യ ലാബിലേക്കാള് കൂടുതല്‍ തുകയാണ് ഈടാക്കുന്നത് . മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സാധാരണക്കാരനെ കൊള്ളയടിക്കുന്നത്. ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നവര്‍ കൊടുക്കേണ്ടി വരുന്നത് 20 രൂപയാണങ്കില്‍ പുറത്തുള്ള സ്വകാര്യനീതി മെഡിക്കല്‍ ലാബില്‍ 10 രൂപ നല്കിയാല് മതി.
കൊളസ്ട്രോള്‍ ടെസ്റ്റ് ചെയ്യുന്നതിനാണെങ്കില്‍ പുറത്ത് 20 രൂപ വാങ്ങുമ്പോള്‍ സിഎച്ച്സിയില് വാങ്ങുന്നത് 40 രൂപ.രണ്ടിനും നീതി ലാബിനെക്കാള്‍ ഇരട്ടിഫീസ്. ഇതേ അനുപാതത്തിലല്ലെങ്കിലും മിക്ക ലാബ് പരിശോധനകള്‍ക്കും ഇവിടെ സ്വകാര്യ ലാബിനെക്കാള്‍ അധിക ഫീസാണ് ഈടാക്കുന്നത്. സ്വകാര്യ ലാബില്‍ 200 രൂപയ്ക്കു ചെയ്യുന്ന എല്‍എഫ്ടി പരിശോധനയ്ക്ക് ഇവിടെ വാങ്ങിക്കുന്നത് 350 രൂപ.
സ്വകാര്യ ചികിത്സയ്ക്ക് പോകാന്‍ പണമില്ലാതെ സര്‍ക്കാര്‍ സ്ഥാപനം തേടിയെത്തുന്ന ആദിവാസികളും നിര്ധനരുമടക്കമുള്ള പാവങ്ങളാണ് “ധര്‍മ്മാശുപത്രി’യുടെ ഈ കൊള്ളയ്ക്ക് ഇരയാവുന്നത്.സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാനും ഈ ആശുപത്രി അധികൃതര്‍ക്ക് നല്ല മെയ്വഴക്കമാണ്.
2018 ഡിസംബര്‍ 15ന് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് നാലോ അതില്‍ കൂടുതലോ ഡോക്ടര്‍മാരുള്ള സിഎച്ച്സികളില് ഒപി സമയം രണ്ടു മണിക്കു പകരം വൈകുന്നേരം ആറു മണി വരെ ദീര്‍ഘിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്കുന്നു. എന്നാല്‍ നാല് സ്ഥിരം ഡോക്ടര്‍മാരും ഒരു എന്‍ആര്‍എച്ച്എം ഡോക്ടറും ജോലി ചെയ്യുന്ന ആശുപത്രിയുടെ അധികൃതര്‍ അത് ബാധകമല്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലായ് ഒന്നു മുതല്‍ ആറുമണി വരെ സായാഹ്ന ഒപി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനായി മുക്കം നഗരസഭ ഒരു ഡോക്ടറെയും ഒരു നഴ്സിംഗ് അസിസ്റ്റന്റിനെയും ഒരു ഫാര്മസിസ്റ്റിനെയും അധികമായി നിയമിക്കുകയായിരുന്നു. നിലവിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും ഡ്യൂട്ടി സമയം ക്രമീകരിച്ചാല്‍ ആറു മണി വരെ ഒ പി പ്രവര്‍ത്തിക്കാമെന്നിരിക്കെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ ഒരു ഡോക്ടറെയും രണ്ടു ജീവനക്കാരെയും നിയമിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.