ബെയ്റൂട്ട്: ലബനനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു സമാധാനസേനാംഗങ്ങൾക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിനുനേരേ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. മധ്യഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്കൂളിനുനേരെയാണ് വ്യോമാക്രമണമുണ്ടായത്. അൻപതിലധികം പേർക്ക് പരിക്കേറ്റു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്നു റുഫൈദ സ്കൂൾ.
ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഇല്ലെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റവരെ പോലും ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുകയാണ്. അതേസമയം, സ്കൂൾ താവളമാക്കിയ ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ഹമാസ് ഭീകരർ ജനങ്ങളെ പരിചയാക്കുന്നതായി ഇസ്രേലി സേന ആരോപിച്ചു.