അമ്പലപ്പുഴ: പരാതി നൽകിയിട്ടും പരിശോധന ഇല്ല, ഉദ്യോഗസ്ഥർക്ക് താൽപര്യം ഉല്ലാസയാത്ര. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഉദ്യോഗസ്ഥരാണ് കുടുംബ സമേതം വാഗമണ്ണിൽ ഉല്ലാസയാത്ര നടത്തിയത്.
മാനദണ്ഡങ്ങൾ ലംഘിച്ച് അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
ഭക്ഷണ സാധനങ്ങൾ വിൽക്കുകയും കടകളിലിരുന്ന് കഴിക്കാൻ സൗകര്യം നൽകുകയും ചെയ്യുന്ന ബേക്കറികളിൽ മലിനജലം നിർമാർജനം ചെയ്യാൻ സൗകര്യമൊരുക്കേണ്ടതാണ്.
എന്നാൽ അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന പല ബേക്കറികളിലും ഇത്തരമൊരു സൗകര്യമില്ല. മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു.
ഇതിനെതിരെ മുതിർന്ന മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും അന്വേഷണം നടത്താനോ പരാതി പരിഹരിക്കാനോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
ആലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളിലടക്കം ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഹോട്ടൽ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുമ്പോൾ അമ്പലപ്പുഴയിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥർ പരിശോധനകൾ നടത്താതെ ഉല്ലാസയാത്ര നടത്തുകയാണ്.
ആശുപത്രിയിലെ ലാബ് അടച്ചിട്ട് ലാബ് ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് ഉല്ലാസയാത്രക്ക് പോയത്.
പരാതി അറിയിച്ചാലും അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഉദ്യോഗസ്ഥർ പരിശോധനയോ അന്വേഷണമോ നടത്താറില്ലെന്ന വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്.
കൃത്യമായി ജോലി ചെയ്യാതെ ദിവസങ്ങളോളം ഉല്ലാസയാത്ര നടത്താനാണ് ഇവർക്ക് താൽപര്യം.