പ്രസവവേദനയെക്കാൾ വലിയ വേദന ലോകത്തുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയാം. ശാരീര അസ്വസ്ഥതകൾക്കൊപ്പം കടുത്ത മാനസിക സംഘർഷത്തിലൂടെയും ആയിരിക്കും ആസമയത്ത് ഗർഭിണികൾ കടന്നുപോകുന്നത്. എന്നാൽ തന്റെ പ്രസവവേദന മറക്കാനായി യുഎസിൽ നിന്നുള്ള ഒരു സ്ത്രീ ചെയ്തത് എന്താണെന്ന് കേട്ടാൽ പ്രസവവേദന അനുഭവിച്ച സ്ത്രീകൾ ഞെട്ടും.
വേദന അറിയാതിരിക്കാനും തന്റെ കുഞ്ഞിന് ജന്മം നൽകുന്ന മുഹൂർത്തം എന്നെന്നും ഓർക്കാനുമായി ഒരമ്മ അഞ്ച് മണിക്കൂറാണ് നിർത്താതെ പാട്ടുപാടിയത്. ഈ സമയത്ത് അവരുടെ ഭർത്താവ് ഗിത്താർ വായിക്കുകയും ചെയ്തു. ബിഫി ഹെൽ എന്ന 31 -കാരിയും അവളുടെ ഭർത്താവും മ്യുസീഷനുമായ 30 -കാരൻ ബ്രാൻഡനുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജനനമുഹൂർത്തം വേറിട്ടതാക്കിയത്.
ആദ്യത്തെ പ്രസവം വീട്ടിൽവച്ചായിരിക്കണമെന്ന ആഗ്രഹം ബിഫിക്കുണ്ടായിരുന്നു. എന്നാൽ അന്ന് അത് സാധിച്ചില്ല. ആശുപത്രിയിൽ വച്ചാണ് ഇവർ പ്രസവിച്ചത്. അന്ന് തനിക്ക് വലിയ വേദന അനുഭവപ്പെട്ടന്നും അവർ പറഞ്ഞു. അങ്ങനെയാണ് രണ്ടാമത്തെ പ്രസവത്തിന് അല്പം വ്യത്യസ്തത കൊണ്ടുവരണമെന്ന് അവർ ആഗ്രഹിച്ചത്.
തുടർന്ന് ‘ബർത്ത് കോട്ടേജി’ൽ അവരെ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് ബിഫി കുഞ്ഞിന് ജന്മം നൽകിയത്. അഞ്ച് മണിക്കൂറാണ് ഇവർ പ്രസവവേദന കടിച്ച്പിടിച്ച് പാട്ടുപാടിയത്. ഇങ്ങനെ പാട്ടുപാടിയതിനാൽ വേദന അറിഞ്ഞില്ലെന്നും എളുപ്പത്തിൽ ശ്വാസമെടുക്കാൻ സാധിച്ചെന്നും അവർ പറഞ്ഞു. കുഞ്ഞിന് ജന്മം നൽകുന്നതിന് 30മിനിറ്റ് മുൻപും അവൾ പാട്ടുപാടിയിരുന്നു.