അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയതായി ബന്ധുക്കളുടെ പരാതി.
പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പോലീസിനും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്.
നാസറിന്റെ മരുമകൾ സിയാനയെ കഴിഞ്ഞ 21 നാണ് പ്രസവ സംബന്ധമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ സിയാനയെ ലേബർ മുറിയിലേക്കു മാറ്റി. സിയാന തൈറോയിഡിന്റെ മരുന്ന് ഉപയോഗിച്ചിരുന്നു.
പുലർച്ചെ സിയാനക്കു മരുന്നു കൊടുത്തതിനു ശേഷം അബോധാവസ്ഥയിലായി.തുടർന്നാണ് മരുന്നു മാറി നൽകിയ വിവരം അറിയുന്നത്.
മറ്റൊരു സിയാനയെയും ലേബർമുറിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപസ്മാരത്തിനു മരുന്നു കഴിച്ചിരുന്നു. ഇവർക്കു നൽകേണ്ട മരുന്ന് ആളു മാറി നൽകിയതാവാമെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരുന്നുമാറി നൽകിയ വിവരം ആദ്യം ആശുപത്രി അധികൃതർ ബന്ധുക്കളിൽനിന്നു മറച്ചുവച്ചെങ്കിലും പിന്നീട് അറിയിക്കുകയായിരുന്നു.
ട്യൂബിട്ട് ഗുളിക പുറത്തെടുത്തെന്നും ആശങ്കയ്ക്കു വകയില്ലെന്നും ബന്ധുക്കളോടു പറഞ്ഞു. ഉച്ചയോടെയാണ് സിയാനയുടെ നില മെച്ചപ്പെട്ടത്.
മുമ്പും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചില ജീവനക്കാരിൽനിന്നു ഗുരുതരപിഴവുകൾ സംഭവിച്ചിട്ടുണ്ട്.
കോവിഡ് അത്യാസന്ന വിഭാഗത്തിൽ മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾക്കു മാറി നൽകിയതും ചികിത്സയിൽ കഴിയുന്ന ആൾ മരിച്ചതായ തെറ്റായ വിവരം ബന്ധുക്കൾക്കു നൽകിയതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.
കൂടാതെ മരിച്ചയാളുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന ബന്ധുക്കളുടെ പരാതിയും ഉയർന്നിരുന്നു.
ജീവനക്കാരിൽനിന്നു പിഴവുണ്ടായത് സംബന്ധിച്ച് വകുപ്പ്തല അന്വേഷണം നടത്തി പുതിയ സൂപ്രണ്ടിനെ ചുമതല ഏൽപ്പിച്ചെങ്കിലും ജീവനക്കാരിൽനിന്നുള്ള പിഴവുകൾ ഇനിയും അവസാനിച്ചിട്ടില്ല.