ജെറി എം. തോമസ്
കൊച്ചി: സംസ്ഥാനത്തു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ. കഴിഞ്ഞ പത്തു വർഷത്തിനിടെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്കെതിരേ നടന്ന അക്രമസംഭവങ്ങളിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തതു 2018 ലാണെന്നു സംസ്ഥാന പോലീസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 6604 കേസുകളാണു രജിസ്റ്റർ ചെയ്തത്. 2017ലെ കണക്കുകളേക്കാൾ 119 കേസുകളുടെ വർധന.
പീഡനം എന്ന പേരിൽ രജിസ്റ്റർ ചെയ്തത് 4589 കേസുകളാണ്. കഴിഞ്ഞ വർഷത്തേക്കാൾ 91 കേസുകളുടെ വർധന ഇതിൽ മാത്രമുണ്ടായി. ബലാത്സംഗത്തിനു സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2015 ആണ്. 2017ൽ ഇത് 1987 ആയിരുന്നു. 28 കേസുകൾ വർധിച്ചു. 2007ൽ ഇതേ വകുപ്പിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 500 മാത്രമായിരുന്നു. ഓരോ വർഷവും 25 മുതൽ 50 വരെ കേസുകൾ വർധിക്കുന്നതായാണു കണക്കുകൾ.\
പൊതുയിടങ്ങളിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളിലും ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞവർഷം മാത്രം 66 കേസുകൾ മുൻവർഷത്തേതിൽനിന്ന് അധികമായി ചാർജ് ചെയ്തിട്ടുണ്ട്. 460 കേസുകളാണു പൊതുയിടങ്ങളിൽ സ്ത്രീകളെ അപമാനിച്ചതിനും ലൈംഗികച്ചുവയോടെ മോശമായി പെരുമാറിയതിനുമായി പോലീസ് രജിസ്റ്റർ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ അക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം 2017ലെ കണക്കുകളേക്കാൾ മൂന്നെണ്ണം വർധിച്ച് 16 ആയി.
സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതിലും വിവാഹിതരായ സ്ത്രീകൾക്കു ഭർതൃവീട്ടുകാരുടെ പീഡനമേൽക്കുന്നതിലും കുറവ് സംഭവിച്ചിട്ടുണ്ട്. 181 കേസുകളാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് 2017ൽ 200 ആയിരുന്നു. ഭർതൃവീട്ടുകാരുടെ മർദനത്തിനും പീഡനത്തിനും ഇരയാകുന്ന കേസിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 2048 എണ്ണമാണ്. 2017ൽ ഇതു 2863 ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ 815 കേസുകളാണ് കുറഞ്ഞത്.
കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ കേസുകളിലും സ്ഥിതി വ്യത്യസ്തമല്ല. 4008 കേസുകൾ രജിസ്റ്റർ ചെയ്തു. 2017ൽ ഉണ്ടായിരുന്നതിനേക്കാൾ 530 കേസുകളാണ് 2018 ൽ മാത്രമായി കൂടിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് രജിസ്റ്റർ ചെയ്തത് 185 കേസുകളും ലൈംഗിക അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത് 1204 കേസുകളുമാണ്. അതേസമയം കുട്ടികൾ മരിക്കുന്ന കേസുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്.