തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികളെ കടന്ന് പിടിച്ച സംഭവത്തിൽ ഇനിയും പ്രതിയെ പിടികൂടിയില്ല. അക്രമിയായ യുവാവ് ഇപ്പോഴും കാണാമറയത്ത്.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട ്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതോടെയാണ് പണ്ഡിറ്റ് കോളനിയ്ക്ക് സമീപത്തെ യുവധാര ലൈനിൽ വച്ച് പെണ്‍കുട്ടികൾക്ക് നേരെ ബൈക്കിലെത്തിയ യുവാവ് ആക്രമണം നടത്തിയത്.
ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് പെണ്‍കുട്ടികളെ കടന്ന് പിടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നപ്പോൾ തന്നെ പെണ്‍കുട്ടികൾ മ്യൂസിയം പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ദിവസേന കടന്ന് പോകുന്ന വഴിയിലാണ് പെണ്‍കുട്ടികൾക്ക് നേരെ ആക്രമണം നടന്നത്.
തെരുവ് വിളക്കുകളും ക്ലാരിറ്റിയുള്ള നിരീക്ഷണക്കാമറ സംവിധാനവും ഈ മേഖലയിൽ സ്ഥാപിക്കാത്തതിനെതിരെ ജനങ്ങൾക്ക് അമർഷമുണ്ട്.
അതേ സമയം പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തിൽ ചില യുവാക്കൾ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വൈകാതെ പിടികൂടാനാകുമെന്നാണ് മ്യൂസിയം പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരു മാസക്കാലത്തിനിടെ മൂന്ന് വനിതകൾക്ക് നേരെ ആക്രമണം ഉണ്ടയിട്ടുണ്ട്. മ്യൂസിയത്ത് പ്രഭാതസവാരി നടത്തവെ വനിതാ ഡോക്ടറെ കടന്ന് പിടിച്ച് ആക്രമിച്ച സംഭവവും വഞ്ചിയൂരിൽ പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിയെ ആക്രമിച്ച സംഭവങ്ങളുടെ ഞെട്ടൽ മാറുന്നതിന് മുൻപാണ് വിഐപികൾ താമസിക്കുന്ന പ്രദേശത്ത് വച്ച് പെണ്‍കുട്ടികൾക്ക് നേരെ കഴിഞ്ഞയാഴ്ച ആക്രമണം നടന്ന സംഭവം പുറത്ത് വരുന്നത്.