പാലാ: രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയതിൽ മനം നൊന്തു സ്കൂൾ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. പെണ്‍കുട്ടികളടക്കം നാലു സഹപാഠികളാണ് അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ വിദ്യാർഥിനിയെ കാട്ടി ഭീഷണിപ്പെടുത്തിയത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു.
ഇത്തരത്തിൽ പെണ്‍കുട്ടികൾ പ്രതികളാകുന്ന സംസ്ഥാനത്തെ ആദ്യ സൈബർ കേസാണിത്. പ്രായപൂർത്തിയാകാത്തവരാണ് എല്ലാവരും. പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് പെണ്‍കുട്ടി. ഒപ്പം പഠിക്കുന്ന ആണ്‍കുട്ടിയുമായി ചേർത്താണ് വിദ്യാർഥിനിയുടെ ഫോട്ടോ മോർഫു ചെയ്ത് അശ്ലീല രീതിയിൽ രൂപംമാറ്റം വരുത്തിയത്.
ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നു.
സ്കൂളിൽ നിന്നും വിനോദയാത്ര പോയി വന്നതിനു ശേഷമാണ് പെണ്‍കുട്ടിയെ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയത്. യാത്രാവേളയിൽ എടുത്ത ഫോട്ടോയിൽ കൂടെ പഠിക്കുന്ന ആണ്‍കുട്ടിയേയും ചേർത്തു മോർഫ് ചെയ്തെന്നു കരുതുന്നു.
മോർഫിംഗ് നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള ആണ്കുട്ടിക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടിക്രമങ്ങൾ.
പണം തട്ടാനുള്ള ശ്രമമെന്നതിനുപരി മുൻ വൈരാഗ്യമോ വിനോദ യാത്രയിലുണ്ടായ സ്വരച്ചേർച്ചയില്ലായ്മയാണോ സഹപാഠികളെക്കൊണ്ട് ഇത്തരം കൃത്യം ചെയ്യിച്ചതെന്നും പോലീസ് നിരീക്ഷിക്കുന്നുണ്ട്.