ഷിമ രാജ്
കോഴിക്കോട്: നഗരത്തിലെ വനിത ജീവനക്കാർക്ക് മുന്നിൽ രാത്രികാലങ്ങളിൽ ഹോസ്റ്റലിൻറെ വാതിലുകൾ അടയുന്നു. രാത്രി വൈകിയെത്തുന്ന ജോലിയാണെങ്കിൽ റോഡിൽ കിടക്കേണ്ടി വന്നാലും ഹോസ്റ്റലിൽ കയറ്റില്ലെന്ന നിലപാടാണ് നഗരത്തിലെ ഹോസ്റ്റലുകൾ കൈക്കൊള്ളുന്നത്. വനിതാ മാധ്യപ്രവർത്തകയാണ് താമസസൗകര്യം അന്വാഷിക്കുന്നതെങ്കിൽ പിന്നെ തുടർന്ന് സംസാരിക്കാൻ പോലും പലരും തയ്യാറാല്ല. പത്രമാധ്യമങ്ങൾ, ഐടി, കോൾ സെൻറർ, ആശുപത്രി തുടങ്ങിയ മേഖലകളിലെല്ലാം വനിതജീവനകാർക്ക് രാത്രികാലങ്ങളിൽ ഷിഫ്റ്റുകൾ പതിവാണ്.
ഏഴ് മുതൽ രാത്രി പത്ത് വരെ അവസാനിക്കുന്ന ഷിഫ്റ്റുകൾ ഉണ്ട്. ഉപജീവനത്തിനായി എത്തുന്ന ഇവരിൽ പലരും ആശ്രയിക്കുന്നത് സാന്പത്തികമായി താരതമ്യേന ഭദ്രമായ ഹോസ്റ്റലുകളെയാണ്. എന്നാൽ രാത്രി ഷിഫ്റ്റുണ്ടെന്ന് അറിയുന്പോഴേ ഹോസറ്റൽ ജീവനക്കാരുടെ മുഖം കറുക്കും. രാത്രി കന്പനിവണ്ടിയിൽ തിരിച്ചെത്തിക്കുമെന്ന് അറിയിച്ചാൽ സദാചാരത്തിൻറെ കുട ചൂടിയാണ് അധികൃതർ അവരെ ഒഴിവാക്കുക.
പിന്നീട് ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത് കൊള്ളലാഭം കൊയ്യുന്ന പെയിൻഗസ്റ്റ്, ഫ്ളാറ്റ് സൗകര്യങ്ങളെയാണ്. ഇവിടങ്ങളി്ൽ 8000 മുതൽ 12,000 വരെയാണ് വാടക. നഗരത്തിൽ ഇരുപതിലേറെ ഹോസ്റ്റലുകളും 1500 ലധികം പേർക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട് എന്നിരുന്നാലും വർഷങ്ങളായി ഇവിടെ ജോലിക്കെത്തുന്ന വനിതകൾ അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് താമസസൗകര്യം.
വനിതാ വികസന കോർപറേഷൻറെ കീഴിലുള്ള ഷീ സ്റ്റേയും, കുടുംബശ്രീ കോർപ്പറേഷൻറെ സഹായത്തോടെ ആരംഭിച്ച ഹോസ്റ്റലും ഒരു പരിധി വരെ ഇവർക്ക ആശ്വാസമാണ്. ഷീ സ്റ്റേയിൽ രാത്രി താമസക്കാർ വൈകിയെത്തുന്നത് തുടക്കത്തിൽ അധികൃതർ പ്രശ്നമാക്കിയെങ്കിലും ജീവനക്കാരുടെ ജോലിയുടെ സ്വാഭാവം കണക്കിലെടുത്ത് സ്ഥാപന മേധാവിയുടെ കത്തുണ്ടെങ്കിൽ വൈകിയെത്തുന്നതിന് തടസ്സമില്ലെന്ന് നിലപാടുണ്ടായി.
സ്ത്രീകളുടെ മേൽനോട്ടത്തിൽ കുടുംബശ്രീ നടത്തുന്ന ഹോസറ്റൽ ഇക്കാര്യത്തിൽ പൂർണ്ണമായും തുറന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കും മെച്ചപ്പെട്ട സൗകര്യങ്ങളും ഇവ നൽകുന്നുണ്ടെങ്കിലും രണ്ടിടങ്ങളിലും നിലവിൽ മുറികൾ ഒഴിവില്ലെന്നത് പുതുതായി നരത്തിലെത്തുന്ന ജീവനക്കാരെ വലക്കുന്നു
വനിതാ മാധ്യപ്രവർത്തകർക്ക് നോ എൻട്രി
ഒരു സാമുദായിക സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ മുറി അന്വാഷിച്ചെത്തിയ മാധ്യമപ്രവർത്തകയോട് മാധ്യമപ്രവർത്തകർക്ക് ഇപ്പോൾ മുറി കൊടുക്കാറില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകിയ മറുപടി. ആറ് മണിക്ക് അവസാനിക്കുന്ന ഷിഫ്റ്റാണെന്ന് അറിയിച്ചപ്പോൾ മാധ്യമപ്രവർത്തകർ വൈകിയേ വരൂ അത് ഹോസ്റ്റലിൻറെ സൽപേരിനെ ബാധിക്കും എന്ന മുൻവിധിയോടെയാണ് പെരുമാറ്റം.
ഹോസ്റ്റലിൻറെ നിയമാവലിയിൽ ഏഴ് മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. പക്ഷെ അത് ബാങ്ക് ജീവനക്കാർ, സർക്കാർ ജോലിക്കാർ എന്നിവർക്ക് മാത്രമാണ് ബാധകം. സാമുദായിക സംഘടനയുടെയും ഹോസ്റ്റലിൻറെയും സൽപ്പേരിനെ പറ്റി ചിന്തിക്കുന്ന ഇത്തരക്കാർ രാത്രി താമസിക്കാൻ ഇടം കിട്ടാതെ റെയിൽവേസ്റ്റേഷനിലും മറ്റും അന്തിയുറങ്ങേണ്ടി വരുന്ന പെണ്കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഒരു നിമിഷം പോലും ഓർക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ഹോസ്റ്റലുകൾ
താമസസൗകര്യത്തിൻറെ കാര്യത്തിൽ വനിതാജീവനക്കാർ അനുഭവിക്കുന്ന അനിശ്ചിതത്വം ചൂഷണം ചെയ്യുന്ന നിരവധി സ്വകാര്യ ഹോസ്റ്റലുകളാണ് നഗരത്തിൻറെ മുക്കിലും മൂലയിലും കൂണുപോലെ മുളച്ചുപൊന്തുന്നത്. ഇവയിൽ പലതിനും അംഗീകാരങ്ങളോ വേണ്ട സൗകര്യങ്ങളോ ഇല്ല. ഇത്തരം ഹോസ്റ്റലുകളുടെ നിയമാവലിയിൽ രാത്രി വൈകിയെത്തുന്നവർക്ക് അയിത്തമില്ല. എന്നാൽ സാധാരണക്കാർക്ക് താങ്ങാനാകുന്നതിനപ്പുറമാണ് വാടക.
വാടക കുറഞ്ഞ ഹോസ്റ്റലുകളിൽ നല്ല ഭക്ഷണമോ വൃത്തിയുള്ള അന്തരീക്ഷമോയില്ല. പക്ഷെ ജില്ലയിൽ വനിതകൾക്ക് താമസസൗകര്യം ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം അന്തേവാസികൾ പലതും കണ്ടില്ലെന്ന് വെക്കുകയാണ് പതിവ്. എരഞ്ഞിപ്പാലത്തെ ഒരു സ്വകാര്യ വർക്കിങ്ങ് വുമണ്സ് ഹോസ്റ്റലിൽ വൈകുന്നേരം ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന അന്തേവാസികൾ തന്നെ വേണം മുറികളും ബാത്ത്റൂമുകളും വൃത്തിയാക്കാൻ.
രാവിലെ നേരത്തെ പോകേണ്ടവർക്ക് പ്രഭാതഭക്ഷണം തയ്യാറാക്കാനോ ഉച്ചഭക്ഷണം കൊടുത്തുവിടാനോ അധികൃതർ തയ്യാറല്ല. എന്നാൽ ഇവർ മെസ്സിൽ അടക്കേണ്ട തുകയിൽ യാതൊരു ഇളവും നൽകാറില്ല. നഗരത്തിലെ മറ്റൊരു വനിതാ ഹോസ്റ്റലിൽ ഏത് പാതിരാത്രിക്കും സെക്യൂരിക്കും, ഹോസ്റ്റൽ അധികൃതരുടെ വേണ്ടപ്പെട്ടവർക്കും ഹോസറ്റലിനുള്ളിൽ കയറിയിറങ്ങാം.
എന്നാൽ മക്കൾ താമസിക്കുന്ന മുറി കാണാൻ പോലും രക്ഷിതാക്കൾ ഹോസ്റ്റലിനുള്ളേലേക്ക് കടക്കാൻ പാടില്ല.സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്ന വനിതകൾ ഹോസ്റ്റലിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ വിചിത്രമായ നിരവധി നിയമങ്ങളാണ് സ്വാകര്യ ഹോസറ്റലുകൾ സൂക്ഷിക്കുന്നത്.
കൂടുതൽ ഷീ സ്റ്റേകൾ വേണം
സ്ത്രീകൾ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി കൂടുതൽ ഷീ സ്റ്റേകൾ ജില്ലയിൽ പണിയണമെന്നാണ് വനിതാജീവനക്കാരുടെ ആവശ്യം. കുടുംബശ്രീ നടത്തുന്ന ഹോസ്റ്റലുകളുടെ എണ്ണം വർദ്ധിപ്പി്ക്കുന്നതും പരിഹാരമാർഗ്ഗങ്ങളിലൊന്നാണ്. കോർപ്പറേഷൻറെ കീഴിൽ മാങ്കാവ് നിർമ്മാണ പ്രവർത്തി ആരംഭിച്ച വനിതാ ഹോസ്റ്റൽ വർഷങ്ങൾ പിന്നിട്ടിട്ടും അസ്ഥിപജ്ഞരമായി കിടക്കുകയാണ്. ഇതിൻറെ പ്രവർത്തനം ഉടൻപുനരാരംഭിക്കുമെന്നാണ് നഗരസഭയിൽ നിന്ന ലഭിച്ച വിവരം.
ഭാവിയിൽ താമസിക്കാൻ ഇടം ലഭി്ക്കാത്തവർക്ക് ഈ ഹോസ്ററൽ ഒരു പരിധി വരെ ആശ്വാസമാകും. ഇടുങ്ങിയ ചിന്താഗതിയോടെ പ്രവർത്തിക്കുന്ന നഗരത്തിലെ വനിതാഹോസ്റ്റലുകൾ ആദിഥ്യമര്യാദക്ക് പേരുകേട്ട കോഴിക്കോടിൻറെ സംസകാരത്തിന് കളങ്കം തന്നെയാണ്. ഇത്തരം ഹോസ്റ്റലുകൾ വനിതാജീവനക്കാർക്ക് മുന്നിൽ വെക്കുന്ന ജീർണ്ണിച്ച നിയമാവലികൾ എത്രയും വേഗം പൊളിച്ചെഴുതേണ്ടതുണ്ട.