സ്വന്തം ലേഖകൻ
സമയം രാത്രിയാണ്… കോളജ് ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങാതെ കിടക്കുന്ന പെണ്കുട്ടി. മൊബൈലിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഇവളുടെ മനസിൽ മറ്റുള്ളവർ ഉറങ്ങട്ടേയെന്നാണ്. മറ്റൊന്നിനുമല്ല,സഹപാഠികളുടെ ഫോട്ടോയെടുത്ത് രസിക്കാൻ. ഉറങ്ങിക്കിടക്കുന്നത്, അൽപം ചെരിഞ്ഞുകിടന്നാൽ അത്്, ഷാളൊന്നു തെറ്റുന്പോൾ അങ്ങനെ…
ഒരിക്കൽ പോലും സഹപാഠികളിൽ നിന്നും ഇത് ആരും അത് പ്രതീക്ഷിക്കുന്നുണ്ടാവില്ല. എന്നാൽ അതിനെക്കാൾ അപ്പുറത്ത് ഏവരേയും ഞെട്ടിച്ചത് ഈ ചിത്രങ്ങൾ കണ്ട് രസിക്കുന്നവരുടെ കൂട്ടത്തിൽ അവരുടെ അധ്യാപകനും ഉണ്ടെന്നതാണ്. മൊബൈലിൽ എടുത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ എത്തുന്നത് വിദ്യാർഥികൾക്ക് മാതൃകയാവേണ്ട അധ്യാപകന്റെ ഫോണിലെ വാട്ട്സ് ആപ്പിലേക്കും….
ഇതെല്ലാം നടന്നതാകട്ടെ കോഴിക്കോട് ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളജിൽ. ഒരു ഗവ. സ്ഥാപനത്തിലെ അവസ്ഥയിതാണെങ്കിൽ മറ്റുള്ള സ്വകാര്യസ്ഥാപനങ്ങളിൽ നടക്കുന്നതെന്തെല്ലാമെന്ന് ഉൗഹിക്കാൻപോലുമാകില്ല. അധ്യാപകരും വിദ്യാർഥിനികളും തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും സീമകൾ ലംഘിക്കുന്ന വാർത്തകൾ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട്ട് നടന്നത്.
ഇതുകൊണ്ട് മാനം കെടുന്നത് ആ സ്ഥാപനത്തിലെ മൊത്തം വിദ്യാർഥികളാണ്. പലരും ഇപ്പോഴേ ആ ഹോസ്റ്റലിൽനിന്നും പടിയിറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി. രക്ഷിതാക്കളുടെ നിർബന്ധമാണ് കാരണം.
സംഭവം ഇങ്ങനെ…
സംഭവം അന്വേഷിക്കുന്ന നടക്കാവ് പോലീസ് പറയുന്നതിങ്ങനെ- മിക്ക ദിവസങ്ങളിലും രാത്രിയിൽ പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന അധ്യാപകനും വിദ്യാർഥിനിയും തമ്മിൽ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കൈമാറാറുണ്ടായിരുന്നു. അർധരാത്രിയിലാണ് ഇതെല്ലാം. സഹപാഠികളുടെ ചിത്രങ്ങൾ എടുത്ത്് വിദ്യാർഥിനി അധ്യാപകന് കൈമാറുന്നത് പതിവായിരുന്നു. സഹപാഠികൾ ഉറങ്ങുന്ന ഫോട്ടോയും മറ്റുമാണ് ഈ രീതിയിൽ അയച്ചിരുന്നത്.
ഇവരുടെ ഫോണ് സന്ദേശങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയെന്നാണ് അറിയുന്നത്. ശരീര വർണനകളും ചിത്രങ്ങളും രാത്രിയിൽ പരസ്പരം കൈമാറിയിരുന്നതായി വ്യക്തമായിട്ടുണ്ട്. അധ്യാപകനും വിദ്യാർഥിനിയുമായി ഉണ്ടാവേണ്ട ബന്ധമായിരുന്നില്ല ഇവർ തമ്മിലുണ്ടായിരുന്നതെന്ന് സഹപാഠികളും പറയുന്നു. മിക്ക സന്ദേങ്ങളും അർധരാത്രിക്കു ശേഷമായിരുന്നു.
തന്റെ ഫോട്ടോ ഈ രീതിയിൽ എടുക്കപ്പെട്ടുവെന്ന് മനസിലാക്കിയ സഹപാഠിയായ വിദ്യാർഥിനിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. പ്രിൻസിപ്പൽ ചാർജുള്ള എസ്. എസ്. അഭിലാഷിന് കോളജിലെ ഒരു വിദ്യാർഥിനി അയച്ചുകൊടുത്ത ഫോട്ടോയ്ക്ക് കീഴിൽ അദ്ദേഹം എഴുതിയ സന്ദേശമാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിനിയാണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. പരാതി നൽകിയ വിദ്യാർഥിനിയുടെ ഭർത്താവും സംഘവും കോളജിലെത്തി അധ്യാപകനെ കയ്യേറ്റം ചെയ്തതോടെയാണ് സംഭവം വിവാദമായത്.
സംസ്ഥാനത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലുകൾക്കെല്ലാം പേരുദോഷമുണ്ടാക്കാൻ ഇത്തരത്തിലുള്ള ചില സംഭവങ്ങൾ മാത്രം മതി. മൊബൈൽ ഫോണുകൾ യഥേഷ്ടം ഉപയോഗിക്കാമെന്നത് പലപ്പോഴും ചതിക്കുഴികളുണ്ടാകാൻ കാരണമാകുന്നു. ചില ലേഡീസ് ഹോസ്റ്റലുകളിൽ ആർക്കും എപ്പോഴും കയറിവരാവുന്ന സ്ഥിതിയാണ്. വാർഡനെ മണിയടിച്ചാൽ മാത്രം മതി. ഫേസ് ബുക്ക്, വാട്ട്സ് ആപ്പ്, മെസഞ്ചർ എന്നിങ്ങനെ സമയം തള്ളിനീക്കാൻ ഏറെ വഴികളുണ്ടെങ്കിലും അവിടെ തന്നെയാണ് ചതിക്കുഴികൾ വരുന്നതും.
ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിനികളെ പ്രത്യേകം “നോട്ട്’ ചെയ്യുന്ന സഹപാഠികളും അധ്യാപകരും ഉണ്ട്. പലയിടത്തും മൈാബൈലുകൾ തന്നെയാണ് വില്ലനാകുന്നതെന്ന് പോലീസ് പറയുന്നു. പലപ്പോഴും ചതിക്കുഴികളിൽ പെട്ടുകഴിഞ്ഞതിനുശേഷമാണ് വിവരങ്ങൾ അറിയുന്നത്. അപ്പോഴേക്കും ആത്മഹത്യയായി, പൊല്ലാപ്പായി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പോലീസിന് ഇടപെടുന്നതിന് പരിധിയുണ്ട്. പരാതി കിട്ടിയാൽ മാത്രമേ നടപടി എന്തെങ്കിലും എടുക്കാൻ കഴിയൂ. പലപ്പോഴും ഇത്തരം കേസുകൾ പുറത്തുവച്ചുതന്നെ മാനഹാനിയുടെ പേരിൽ ഒത്തുതീർപ്പാക്കുകയാണ് ചെയ്യുന്നത്.
പല ഹോസ്റ്റലുകളിലും ഈ രീതിയിൽ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. പിടിക്കപ്പെടുന്പോൾ ഒന്നുകിൽ ഹോസ്റ്റൽ അധികൃതർ, അതുമല്ലെങ്കിൽ സ്ഥാപന മേധാവികൾ ഇടപെട്ട് കാര്യങ്ങൾ ഒതുക്കിത്തീർക്കും.
നടപടി എടുക്കേണ്ടത് അധികൃതർ
നിലവിൽ അധ്യാപക നെതിരേ കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പാണ് ഇത്തരം കേസുകളിൽ ചുമത്താറുള്ളത്. അശ്ലീല സന്ദേശങ്ങൾ കൈമാറി എന്നതുമാത്രമാണ് ഇയാൾക്കെതിരേ നിലവിലുള്ള കുറ്റം. അതേസമയം തന്നെ ഒരുസംഘം ആളുകൾ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് പ്രിൻസിപ്പലും പരാതി നൽകിയിട്ടുണ്ട്. ഇനി നടപടിഎടുക്കേണ്ടത് സ്ഥാപനമേധാവികളാണ്. ഇക്കാര്യം വിശദമായി അന്വേഷിച്ചുവരികയാണ്.
അധ്യാപകനുമായി അശ്ലീല ഫോണ് ബന്ധം പുലർത്തി പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യക്ക് ശ്രമിച്ച പെണ്കുട്ടി ആശുപത്രി വിട്ടശേഷമായിരിക്കും പോലീസ് തുടർനടപടികൾ സ്വീകരിക്കുക എന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ സഹപാഠികളുടെ നിലപാടുകൂടി നിർണായകമാകും.
നടക്കാവ് പോലീസാണ് നിലവിൽ ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. പ്രിൻസിപ്പലിനെ ജാമ്യത്തിൽ വിട്ടെങ്കിലും എതു സമയത്തും വിളച്ചാൽ സ്റ്റേഷനിൽ എത്തിക്കൊള്ളാമെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരേ കേസെടുത്തതിനാൽ ഇനി തൽസ്ഥാനത്ത് തുടരാൻ കഴിയുമോ എന്നതും ചോദ്യചിഹ്നമാണ്. തന്റെ പ്രമോഷൻ തടയാനുള്ള ആസൂത്രിതശ്രമമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ഇദ്ദേഹം പറയുന്പോഴും വാട്ട്സ് ആപ്പ് വഴി ഇദ്ദേഹം അയച്ച സന്ദേശങ്ങൾ തെളിവായി നിലനിൽക്കുന്നു