കേരളത്തിലെ ബാറുകളില്‍ മദ്യം വിളമ്പാന്‍ ഇനി സ്ത്രീകളും , ഞെട്ടേണ്ട ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ജോഹാന്‍സ് ബാറില്‍ മദ്യം വിളമ്പുന്നത് രണ്ടു സ്ത്രീകളാണ്. പുരുഷന്മാര് മാത്രം ചെയ്തിരുന്ന ഈ ജോലിയിലേക്ക് ധൈര്യമായി കടന്നു വന്നിരിക്കുന്നത് കൂത്താട്ടുകുളം സ്വദേശിനിയായ രാജിയും ഒഡീഷയില്‍ നിന്നുള്ള ജ്യോത്സനയുമാണ്. ഈ ജോലിയില്‍ സംതൃപ്തരാണെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.
ജോലിയുടെ ഭാഗമായി ഇതുവരെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് രാജിയും ജ്യോത്സനയും പറയുന്നത്. അടുത്തിടെയാണ് ജോഹാന്‍സിന് ബാര്‍ പദവി ലഭിച്ചത്. ബാര്‍ തുറന്നപ്പോള്‍ വെയിറ്റര്‍മാരായി പെണ്‍കുട്ടികളെയും പരീക്ഷിക്കാന്‍ ഉടമ തീരുമാനിക്കുക ആയിരുന്നു. ബാറില്‍ വെയ്റ്റര്‍മാരുടെ യൂണിഫോം ധരിച്ചാണ് ഇരുവരും ജോലിക്ക് എത്തുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരെ പോലെ തന്നെ ഇരുവരും നന്നായി പ്രവര്‍ത്തിക്കുന്നതായി ബാറിലെ ജനറല്‍ മാനേജരായ ഷാജി സാക്ഷ്യപ്പെടുത്തുന്നു.
ഫേസ്ബുക്കിലും വാട്സ്ആപ്പിലും പരസ്യം നല്‍കിയാണ് ജീവനക്കാരെ കണ്ടെത്തിയത്. പരസ്യം കണ്ട് ആദ്യം വിളിച്ചത് ഒഡിഷ സ്വദേശിയായ ജ്യോത്സന്യയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകളെ ജോലിക്കായി നിയമിക്കും. നന്നായി മലയാളം പറയുന്ന ജ്യോത്സനയും രാജിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഉച്ച മുതല്‍ രാത്രിവരെയാണ് സ്ത്രീകള്‍ ബാറില്‍ ജോലി ചെയ്യുന്നത്.
ജോലി സമയം കഴിഞ്ഞാല്‍ അവരെ സുരക്ഷിതമായി വാഹനത്തില്‍ താമസ സ്ഥലത്ത് എത്തിക്കുമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. ഈ വിവരമറിഞ്ഞ് ജോലിക്കായി നിരവധി സ്ത്രീകള്‍ അപേക്ഷിക്കുന്നുണ്ട്. മലയാളികളും ബംഗാള്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരും അപേക്ഷകരായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകളെ ജോലിക്കായി നിയമിക്കുമെന്നാണ് ഉടമ പറയുന്നത്.