ഈ ദമ്പതികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. അതോടെ ഫിലിപ്പീന്‍സുകാരി വഹീദ ഇന്ത്യയുടെ മരുമകളുമായി. കോട്ടയ്ക്കല്‍ സ്വദേശി താജുദ്ദീന്റെ ഭാര്യയാണ് വഹീദ. അബുദാബിയില്‍ വച്ച് പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇവര്‍ വിവാഹിതരാവുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തിലേറെയായിട്ടും വഹീദയ്ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കി താമസിക്കാന്‍ സാധിച്ചിരുന്നില്ല.
1998 ല്‍ ഫിലിപ്പീന്‍സിലാണ് വഹീദയും താജുദ്ദീനും വിവാഹിതരായത്. അബൂദാബിയില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഫിലിപ്പീന്‍സിലെത്തി വിവാഹിതരാവുകയായിരുന്നു. 2004 ഏപ്രില്‍ മുതല്‍ വഹീദ ഇന്ത്യയില്‍ താമസിച്ചു വരുന്നുണ്ടെങ്കിലും ഒരോ വര്‍ഷവും വിസ പുതുക്കുകയായിരുന്നു.
എന്നാല്‍ കോട്ടക്കല്‍ ചെറുശ്ശോല സ്വദേശി താജുദ്ദീന്‍ അലി അഹ്മദിന്റെയും ഭാര്യ വഹീദ ദിമനലാവോയുടെയും കാത്തിരിപ്പിന് അവസാനമെന്നോണം വഹീദയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു വഹീദ. ഏഴു വര്‍ഷത്തിലധികം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വം കിട്ടൂവെന്ന നിയമമുള്ളതിനാല്‍ ബന്ധുക്കളെ പോലും പിരിഞ്ഞ് ഇവിടെ കഴിയുകയായിരുന്നു. 2007ലാണ് ബന്ധുക്കളെ കാണാന്‍ വഹീദ ഫിലിപ്പീന്‍സിലേക്ക് പോയത്.
പ്രയാസപ്പെട്ടാണെങ്കിലും മലയാളം സംസാരിക്കാന്‍ ഇന്ന് വഹീദക്കു കഴിയും. ജോലി ആവശ്യാര്‍ത്ഥം താജുദ്ദീന്‍ ഇപ്പോള്‍ സ്‌കോര്‍ട്ട് ലാന്‍ഡിലാണുള്ളത്. +2 വിദ്യാര്‍ത്ഥിനി ഫാത്തിമ ഷര്‍സാരി, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സാറ ജാസ്മിന്‍ എന്നിവര്‍ മക്കളാണ്.