മക്കളുണ്ടാകില്ലെന്നു വൈദ്യശാസ്ത്രം വിധിയെഴുതി. പതിനേഴു തവണ ഗര്‍ഭം അലസി. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ വംശജയായ ബ്രീട്ടീഷ് യുവതി ലിറ്റിന കൗര്‍ അമ്മയായി. ഒന്നും രണ്ടുമല്ല, നാലു പൊന്നോമനകള്‍ക്ക്.
പതിനെട്ടു വയസുള്ളപ്പോള്‍ ലിറ്റിന ശ്വേത രക്താണുക്കളെ ബാധിക്കുന്ന അക്യൂട്ട് മെലോയ്ഡ് ലുക്കീമിയയുടെ പിടിയിലായി. പിന്നാലെ ആ ദുഃഖവാര്‍ത്തയും. അമ്മയകാനുള്ള ഭാഗ്യം ലിറ്റിനയ്ക്കു കിട്ടില്ല. രോഗം പിന്തുടര്ന്നതിനാലും മജ്ജ മാറ്റിവയ്ക്കലിനു വിധേയയതിനാലും ഗര്‍ഭധാരണം സാധ്യമാവില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധിയെഴുത്ത്.
ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് പ്രവിശ്യയില്‍ നിന്നുള്ള ലിറ്റിനയുടെ വിവാഹം 2007 ല്‍ നടന്നു. പ്രായം അപ്പോള്‍ ഇരുപത്തിമൂന്ന്. 2010 ല്‍ ഇരട്ടകളെ ഗര്‍ഭം ധരിച്ചെങ്കിലും അലസി. പിന്നെ പതിനാറു തവണ ഇതു തുടര്‍ന്നു. ഇന്ത്യയിലെത്തി 2013 നും 2015 നും ഇടയില്‍ ആറ് വാടക ഗര്‍ഭധാരണ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.
2015 സെപ്റ്റംബറില്‍ ജീവിത വെളിച്ചമായി ഇന്ത്യന്‍ വനിതയുടെ ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം മാറ്റിവച്ചു. പരീക്ഷണം വിജയമായപ്പോള്‍ കിരണ്‍ ജനിച്ചു. മാസങ്ങള്‍ക്കുള്ളില്‍ മറ്റു മൂന്നുപേരും ജനിച്ചു. ഇരട്ടക്കുട്ടികളായി കാജലും കവിതയും പിറന്നു. കഴിഞ്ഞ ജൂണില്‍ നോട്ടിങാമിലെ ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ കിയാറാ എന്ന നാലാം കുട്ടിക്കും ലിറ്റിന ജന്മം നല്കി.
ഒന്നിന് പകരം നാല് കുട്ടികളുടെ അമ്മയായ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ യുവതി.