പത്തനംതിട്ട: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 27. 5 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിൽ അഭിഭാഷകനെ രക്ഷിക്കാൻ പോലീസ് തെളിവു നശിപ്പിച്ചെന്ന് പ്രവാസി എൻജിനിയറായ വീട്ടമ്മ.ചെങ്ങന്നൂരിനടുത്ത് കാരയ്ക്കാട് മഞ്ജുഷയിൽ ബിനു ജയപാലന്റെ ഭാര്യ ജ്യോത്സനയുടെ പണം ബന്ധുവായ അഭിഭാഷകൻ സോണി പി. ഭാസ്കർ തട്ടിയെടുത്തെന്നാണ് കേസ്.
നാലു വർഷം മുന്പ് മുഖ്യമന്ത്രിയും ഡിജിപിയും കോടതിയും ഇടപെട്ടിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതെ തളിവു നശിപ്പിക്കുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്ന് ജ്യോത്സന പത്രസമ്മേളനത്തിൽ ആരോപിച്ചു.
പത്തനംതിട്ട ആസ്ഥാനമാക്കി സോണി പി. ഭാസ്കർ നടത്തിയ സ്ഥാപനങ്ങളിലൊന്നായ എസ്സെൻ മോട്ടോഴ്സിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തന്റെ പണം തട്ടിയത്. പങ്കാളിത്തം ഉറപ്പാക്കുന്ന നോട്ടറി ഒപ്പിട്ട പാർട്ണർഷിപ്പ് രേഖകളും നൽകി.
തന്റെ രണ്ടു ചെക്കുകൾ ഉപയോഗിച്ച് ചെങ്ങന്നൂർ എസ്ബിടി ശാഖയിൽ നിന്ന് 2006 ഓഗസ്റ്റ് 28ന് പണം മുഴുവൻ പിൻവലിച്ചു. ഈ ചെക്ക് അന്വഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് തിരുവല്ല യൂണിറ്റിലെ സിഐ അഭിലാഷ് ബാങ്കിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സോണി പണം വാങ്ങിയെന്ന് തെളിവില്ലാതാക്കാനാണ് സിഐ ചെക്ക് കൈക്കലാക്കിയതെന്ന് ജ്യോത്സന കുറ്റപ്പെടുത്തി. കേസിൽ നിന്നും പിൻമാറാൻ സിഐ തന്നോട് ആവശ്യപ്പെട്ടു. നിയമപരമല്ലാതെ പിൻമാറില്ലെന്ന് താൻ വ്യക്തമാക്കിയതോടെയാണ് തെളിവു നശിപ്പിക്കാൻ ശ്രമം നടന്നത്.
സോണിയ്ക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാൻ സിഐ നടത്തിയ ശ്രമം മേലുദ്യോഗസ്ഥൻ തളളിയിരുന്നു. ഇതിനിടയിൽ താൻ എസ്പിക്കു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ ഹൈക്കോടതിയെ സമീപിച്ചു. തെളിവു നശിപ്പിച്ച വിഷയത്തിൽ ഹൈക്കോടതി പോലീസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. സോണിക്ക് ജാമ്യമെടുക്കാൻ പോലീസ് എല്ലാ ഒത്താശയും ചെയ്യുകയാണെന്ന് ജ്യോത്സന പറഞ്ഞു.
മുൻഎംഎൽഎ എം.കെ. ദിവാകരൻ ജീവിച്ചിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ പേരു കൂടി ചേർത്താണ് ബന്ധുവായ അഭിഭാഷകൻ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തത്. ഇതോടെ കേസുകളിൽ അദ്ദേഹവും ഉൾപ്പെട്ടു. കേസ് ഒഴിവാക്കാൻ മുൻ എംഎൽഎയുടെ പണവും വിനിയോഗിക്കപ്പെട്ടു. അവസാനം അദ്ദേഹം പത്തനാപുരം ഗാന്ധിഭവനിൽ അഭയാർഥിയായി മാറുകയായിരുന്നുവെന്നും ജ്യോത്സന ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതയെ സംബന്ധിച്ചും താൻ പരാതി നൽകിയിരുന്നു. എന്നാൽ പരാതികൾ ഏറെയും പരിഗണിക്കപ്പെടാതെ പോകുകയാണെന്നും അവർ കുറ്റപ്പെടുത്തി.