ജെറി എം. തോമസ്
കൊച്ചി: സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ ഓരോ വർഷവും വർധിക്കുന്നതായി കണക്കുകൾ. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പൊതു ഇടം എന്റേതും എന്ന മുദ്രവാക്യമുയർത്തി സ്ത്രീകളുടെ രാത്രി നടത്തമുൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെ സ്ത്രീകൾക്കെതിരായ ഇത്തരം കേസുകളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം വീണ്ടും ചർച്ചയാവുകയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 8936 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2015ൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 1256 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2019ൽ അത് 2076 ആയി ഉയർന്നു. 820 കേസുകളുടെ വർധനയാണ് അഞ്ചു വർഷത്തിനിടെ മാത്രം ഉണ്ടായിട്ടുള്ളത്.
റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുമെങ്കിലും ഇവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പരാതി. 2018 ൽ നിന്നും 131 കേസുകളുടെ വർധനയാണ് 2019ൽ ഉണ്ടായിട്ടുള്ളത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം വീണ്ടും ചൂടുപിടിക്കുന്പോൾ ശിക്ഷാ രീതികൾ മാറണമെന്ന അഭിപ്രായവും രേഖപ്പെടുത്തുന്നവർ നിരവധിയാണ്.
നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ വൈകുന്നതിൽ ദുഖമുണ്ടെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കുറയുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുമെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. സംസ്ഥാന പോലീസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം ബലാത്സംഗ കേസുകൾക്ക് പുറമേ സ്ത്രീകളെ വിവിധ രീതിയിൽ ഉപദ്രവിക്കുന്ന കേസുകളിലും വർധനയുണ്ടായിട്ടുണ്ട്.
ഇത്തരത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 4579 കേസുകളാണ്. അതേസമയം സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന പ്രവണത മുൻ വർഷങ്ങളിലേതിനേക്കാൾ കഴിഞ്ഞ വർഷം കുറഞ്ഞിട്ടുണ്ട്. ആറ് കേസുകൾ മാത്രമാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2018ൽ ഇത് 17 ആയിരുന്നു. എന്നാൽ ഭർതൃവീടുകളിൽ വിവിധ തരത്തിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ വലിയ തോതിലുള്ള വർധനയാണ് ഉണ്ടായിട്ടുള്ളത്. 2018ൽ 2046 കേസുകൾ ഉണ്ടായിരുന്നിടത്ത് 2019ൽ 2991 കേസുകളായി. പൊതുയിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന മോശം സംഭവങ്ങളിലും കാര്യമായ കുറവ് സംഭവിച്ചിട്ടില്ല.