കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണം. സംഭവത്തിൽ ഓമശേരി സ്വദേശി മിർഷാദിനെതിരേ കൊടുവള്ളി പോലീസ് കേസെടുത്തു. ആക്രമണത്തിൽ യുവതിയുടെ കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റു.
മിർഷാദ് പതിവായി ഇൻസ്റ്റഗ്രാമിലൂടെ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. പലപ്പോഴായി യുവതി ഇക്കാര്യം വിലക്കിയിട്ടും മിർഷാദ് തുടർന്നും സന്ദേശങ്ങളയച്ചു.
അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് കൂടാതെ യുവതിയെ വഴിയിൽ വച്ച് കാണുമ്പോഴെല്ലാം ഇയാൾ മോശമായി പെരുമാറുകയും ചെയ്തു.
മിർഷാദിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇയാളുടെ മാതാപിതാക്കളെയും യുവതി വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എടിഎമ്മിൽ പോയി മടങ്ങി വന്ന യുവതിയെ മിർഷാദ് ആക്രമിച്ചത്.
ലൈംഗികമായി അധിക്ഷേപിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.