യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കാന്‍ മുന്‍ ഭാര്യ ക്വട്ടേഷന്‍ നല്കിയ കേസില്‍ മൂന്നംഗ സംഘം കളമശേരി പോലീസിന്റെ പിടിയിലായി. യുവതി ഒളിവിലാണ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മുണ്ടക്കയം നെല്ലിക്കമണ്ണില്‍ മനീഷിനെ(31)യാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഇയാളുടെ പരാതിയില്‍ ചേരാനല്ലൂര്‍ അറക്കല്‍ ജയ്സന് (37), ആലങ്ങാട് തിരുമുപ്പം കാരിക്കച്ചേരി വീട്ടില്‍ ചാള്‍സ്(30), ചങ്ങനാശേരി വാഴപ്പിള്ളി മൂലയില്‍ ജോസ് (26) എന്നിവരെയാണ് കളമശേരി എസ് ഐ ഇ.വി. ഷിബു അറസ്റ്റ് ചെയ്തത്.
ഈ കേസിലെ നാലാം പ്രതിയും മനീഷിന്റെ മുന്‍ ഭാര്യയുമായ പ്രതീക്ഷയെ പിടികൂടാനായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നാലാം പ്രതിയായ പ്രതീക്ഷയും മനീഷും തമ്മില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതാണ്. വിവാഹത്തിനു ശേഷം ബംഗളൂരിലേക്ക് പോയ പ്രതീക്ഷയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് മനീഷ് പറയുന്നു. ഇത് പ്രതീക്ഷയുടെ അമ്മയെ മനീഷ് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിവാഹബന്ധം വേര്‍പ്പെടുത്തിയ നിലയിലായിരുന്നു. ഇതിനു പകരം വീട്ടാനായി പ്രതീക്ഷ മൂന്നു പ്രതികളെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചു.
ഇടപ്പള്ളിയില്‍ കാറില്‍ യാത്ര ചെയ്തിരുന്ന മനീഷിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ 16ന് രാവിലെ ഏഴിന് ഇടപ്പള്ളിയില്‍ വച്ചാണ് മനീഷിന്റെ പരിചയക്കാരനായ ജയ്സന് മനീഷിന്റെ കാറിന് കൈകാണിച്ചത്. കാര്‍ നിര്‍ത്തിയ ഉടന്‍ മൂന്നു പേരും കൂടി കാറില്‍ കയറി ഓട്ടത്തിനിടയില്‍ മര്‍ദ്ദിക്കുകയായിരുന്നു. പത്തടിപ്പാലത്തെത്തിയപ്പോള് മനീഷ് കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇതോടെ പ്രതികള്‍ കാറുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് മനീഷ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ എന്‍എഡി ഭാഗത്തു വച്ച് പ്രതികളെ പിടികൂടുകയായിരുന്നു.